നാടകമേ ഉലകം – ഇത് സഭയോ, ലോകമോ?

അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്കായി പോരാടുമ്പോൾ നഷ്ടപ്പെടുന്നത് സഭയുടെ ആത്മീയതയും സാക്ഷ്യവും ഒരു തലമുറയുമാണ്.

ഒരുകാലത്ത് ലോകത്തിന് മാതൃകയായിരുന്നു പെന്തെക്കോസ്തു സമൂഹം. ലാളിത്യം, വിശുദ്ധി, ത്യാഗം, സഹോദരസ്നേഹം, പ്രാർത്ഥന, ആത്മീയ സമർപ്പണം എന്നിവയായിരുന്നു പെന്തെക്കോസ്തുകാരന്റെ മുഖമുദ്ര. ഭൗതിക സമ്പത്തുകളേക്കാൾ സ്വർഗീയ സമ്പത്തുകൾക്ക് വിലകല്പിച്ചവരായിരുന്നു നമ്മുടെ പൂർവപിതാക്കന്മാർ. സ്വന്തമായി കിടപ്പാടമില്ലാതിരുന്നപ്പോഴും ദൈവത്തിനുവേണ്ടി അവർ സഭകൾ സ്ഥാപിച്ചു. പട്ടിണിയിലും പ്രയാസങ്ങളിലും അവർ സുവിശേഷം പ്രസംഗിച്ചു. സ്ഥാനമാനങ്ങൾക്കുവേണ്ടിയല്ല, ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയായിരുന്നു അവരുടെ പോരാട്ടം.

എന്നാൽ ഇന്ന് നാം എവിടെയാണ് എത്തിനിൽക്കുന്നത്? നമ്മുടെ പോരാട്ടം എന്തിനുവേണ്ടിയാണ്? ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയോ, അധികാരക്കസേരകൾക്കുവേണ്ടിയോ? ദൈവരാജ്യത്തിന്റെ വ്യാപനത്തിനുവേണ്ടിയോ, സ്വന്തം സാമ്രാജ്യത്തിന്റെ നിലനിൽപ്പിനുവേണ്ടിയോ?

ലോകത്തെ മാറ്റുവാൻ വിളിക്കപ്പെട്ട സഭയെ ഇന്ന് ലോകംതന്നെ തിരുത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.


ഒരു സഭയും നാല് അധികാരകേന്ദ്രങ്ങളും!

ഇന്ത്യയിലെ പ്രമുഖ പെന്തെക്കോസ്തു പ്രസ്ഥാനങ്ങളിലൊന്നായ ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ഇന്ന് അതിന്റെ ചരിത്രത്തിലെ വേദനാജനകമായ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

ജനറൽ കൗൺസിലും കേരള സ്റ്റേറ്റ് കൗൺസിലും തമ്മിൽ ആരംഭിച്ച അധികാരത്തർക്കങ്ങൾ പിന്നീട് കേരള സ്റ്റേറ്റ് നേതൃത്വത്തിനുള്ളിലെ ഭിന്നതകളിലേക്ക് വളർന്നു. ജനറൽ പ്രസിഡന്റ് ഡോ. ടി. വത്സൻ എബ്രഹാമിന്റെ വേർപാടിനെത്തുടർന്ന് ജനറൽ നേതൃത്വത്തിലും രൂക്ഷമായ ഭിന്നതകൾ പ്രകടമായി. ഫലത്തിൽ ജനറൽ തലത്തിലും കേരള സ്റ്റേറ്റ് തലത്തിലും രണ്ടുവീതം പക്ഷങ്ങൾ അവകാശവാദങ്ങളുമായി രംഗത്തുവരുന്ന സ്ഥിതിവിശേഷമാണ് ഇന്ന് വിശ്വാസസമൂഹം അഭിമുഖീകരിക്കുന്നത്.

ഒരു സഭ. ഒരു ഭരണഘടന. ഒരു വിശ്വാസപ്രമാണം. എന്നാൽ നാല് അധികാരകേന്ദ്രങ്ങൾ!

സാധാരണ വിശ്വാസികൾ ഇന്ന് ആശയക്കുഴപ്പത്തിലാണ്. ആരാണ് യഥാർഥ നേതൃത്വം? ആരുടെ നിർദേശങ്ങളാണ് അനുസരിക്കേണ്ടത്? ആർക്കാണ് ഔദ്യോഗിക കത്തുകൾ അയയ്ക്കേണ്ടത്? ഏത് കൗൺസിലിനെയാണ് അംഗീകരിക്കേണ്ടത്? സമൂഹത്തിന്റെ ചോദ്യങ്ങൾക്ക് എന്തു മറുപടി നൽകണം?

ഇതിനെല്ലാമിടയിൽ നാം അഭിമാനത്തോടെ നമ്മെത്തന്നെ പെന്തെക്കോസ്തുകാർ എന്നു വിളിക്കുന്നു!

കൊരിന്തിലെ സഭയിൽ പക്ഷപാതം ഉയർന്നപ്പോൾ പൗലോസ് അപ്പൊസ്തലൻ ചോദിച്ച ഒരു ചോദ്യം ഇന്ന് ഐപിസിയുടെ ഓരോ വേദിയിലും മുഴങ്ങേണ്ടതാണ്:

“ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ?” — 1 കൊരിന്ത്യർ 1:13

ഒരുവൻ പൗലോസിന്റേതെന്നും മറ്റൊരുവൻ അപ്പൊല്ലോസിന്റേതെന്നും പറയുമ്പോൾ അവർ ജഡികരല്ലയോ എന്നാണ് പൗലോസ് ചോദിച്ചത് (1 കൊരിന്ത്യർ 3:3–4).

നമ്മുടെ നേതാക്കന്മാരുടെ പേരുകളിൽ ചേരിതിരിഞ്ഞ് പരസ്പരം പോരാടുമ്പോൾ നാം ആത്മീയരാണോ, ജഡികരാണോ എന്ന് സ്വയം പരിശോധിക്കേണ്ടതുണ്ട്.


സസ്പെൻഷൻ മഹോത്സവം: സഭയുടെ പുതിയ ശുശ്രൂഷയോ?

ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ സസ്പെൻഡ് ചെയ്യുന്നു. സസ്പെൻഡ് ചെയ്യപ്പെട്ടവർ തങ്ങളെ സസ്പെൻഡ് ചെയ്തവരെ തിരിച്ചും സസ്പെൻഡ് ചെയ്യുന്നു. ജനറൽ നേതൃത്വം സ്റ്റേറ്റ് നേതൃത്വത്തിനെതിരെ നടപടിയെടുക്കുന്നു; സ്റ്റേറ്റ് നേതൃത്വം ജനറൽ നേതൃത്വത്തിനെതിരെയും നടപടിയെടുക്കുന്നു. പരസ്പരമുള്ള വിശദീകരണങ്ങളും മുന്നറിയിപ്പുകളും പുറത്താക്കൽ പ്രഖ്യാപനങ്ങളും ഔദ്യോഗികമെന്ന അവകാശവാദത്തോടെയുള്ള കത്തുകളും നിരന്തരം പുറത്തുവരുന്നു.

ഇതെല്ലാം കാണുന്ന സാധാരണ വിശ്വാസി ആരെയാണ് വിശ്വസിക്കേണ്ടത്?

സഭയുടെ ലെറ്റർപാഡും ഔദ്യോഗിക മുദ്രയും വ്യക്തിതാൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഉപകരണങ്ങളായി മാറുന്നുവെന്ന വിമർശനം ഗൗരവത്തോടെ കാണേണ്ടതാണ്. സഭയുടെ ഭരണഘടന അധികാരം പിടിച്ചെടുക്കാനുള്ള ആയുധമല്ല; സഭയുടെ ക്രമവും ഐക്യവും സംരക്ഷിക്കാനുള്ള സംവിധാനമാണ്.

വ്യക്തമായ കാരണങ്ങളോടെയും നീതിപൂർവമായ നടപടിക്രമങ്ങളോടെയും സഭാശിക്ഷണം നടപ്പാക്കുന്നതിന് വേദപുസ്തകം അനുവാദം നൽകുന്നുണ്ട്. എന്നാൽ പ്രതികാരത്തിന്റെയും അധികാരമത്സരത്തിന്റെയും ഭാഗമായി അത്തരം നടപടികൾ ഉപയോഗിക്കപ്പെടുന്നുവെങ്കിൽ അത് ആത്മീയ അച്ചടക്കമല്ല, അധികാരദുർവിനിയോഗമാണ്.

ഒരാളെ സസ്പെൻഡ് ചെയ്യാൻ കാണിക്കുന്ന ഉത്സാഹത്തിന്റെ പത്തിലൊന്നെങ്കിലും അയാളുമായി രമ്യതപ്പെടാൻ കാണിച്ചിരുന്നുവെങ്കിൽ ഈ പ്രതിസന്ധി ഇത്രത്തോളം വളരുമായിരുന്നോ?

യേശു പറഞ്ഞു:

“നിങ്ങളിൽ വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.” — മത്തായി 23:11

സഭാനേതൃത്വം അധികാരം പ്രയോഗിക്കാനുള്ള പദവിയല്ല; ശുശ്രൂഷ ചെയ്യാനുള്ള ഉത്തരവാദിത്വമാണ്.


മുട്ടുമടക്കാത്ത നേതാക്കളും മുട്ടുകുത്തി പ്രാർത്ഥിക്കുന്ന വിശ്വാസികളും

സഭയിലെ പ്രതിസന്ധി അവസാനിക്കണമേയെന്ന് ആയിരക്കണക്കിന് വിശ്വാസികൾ കണ്ണീരോടെ പ്രാർത്ഥിക്കുന്നു. എന്നാൽ പ്രതിസന്ധി പരിഹരിക്കേണ്ടവർ തങ്ങളുടെ നിലപാടുകളിൽനിന്ന് ഒരടി പിന്നോട്ടുപോകാൻ തയ്യാറാകുന്നുണ്ടോ?

ക്ഷമിക്കുവാൻ പ്രസംഗിക്കുന്നവർക്ക് പരസ്പരം ക്ഷമിക്കുവാൻ കഴിയുന്നില്ല. താഴ്മയെക്കുറിച്ച് പഠിപ്പിക്കുന്നവർക്ക് താഴ്മ ധരിക്കുവാൻ കഴിയുന്നില്ല. സ്നേഹത്തെക്കുറിച്ച് പ്രസംഗിക്കുന്നവർ പരസ്പരം സ്നേഹിക്കുന്നതിൽ പരാജയപ്പെടുന്നു. ഐക്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നവർതന്നെ അനൈക്യത്തിന്റെ ഭാഗമാകുന്നു.

എത്ര വിരോധാഭാസം!

പൗലോസ് അപ്പൊസ്തലൻ ഓർമിപ്പിക്കുന്നു:

“ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.” — ഫിലിപ്പിയർ 2:3

സ്ഥാനമൊഴിയുന്നത് പരാജയമല്ല. ക്ഷമ ചോദിക്കുന്നത് ബലഹീനതയല്ല. തെറ്റ് അംഗീകരിക്കുന്നത് അപമാനമല്ല. സമാധാനത്തിനുവേണ്ടി വിട്ടുവീഴ്ച ചെയ്യുന്നത് ഭീരുത്വവുമല്ല. മറിച്ച്, അതെല്ലാം ക്രിസ്തീയ പക്വതയുടെ അടയാളങ്ങളാണ്.

സഭയുടെ നന്മയ്ക്കുവേണ്ടി സ്വന്തം പദവി ഉപേക്ഷിക്കുവാൻ എത്ര നേതാക്കന്മാർ തയ്യാറാകും? സ്വന്തം പക്ഷത്തിന്റെ വിജയത്തേക്കാൾ സഭയുടെ ഐക്യത്തിന് എത്രപേർ പ്രാധാന്യം നൽകും?

അവിടെയാണ് യഥാർഥ ആത്മീയത തിരിച്ചറിയപ്പെടുന്നത്.


ദൂതന്മാരെ വിധിക്കേണ്ടവരെ ലോകം വിധിക്കുന്നു!

ഐപിസിയിലെ ആഭ്യന്തര തർക്കങ്ങൾ ഇന്ന് കോടതിമുറികളിലെത്തിയിരിക്കുന്നു. ഹർജികളും എതിർഹർജികളും ഇടക്കാല ഉത്തരവുകളും തുടർവാദങ്ങളുമായി നിയമനടപടികൾ നീളുമ്പോൾ വിശ്വാസസമൂഹം അനിശ്ചിതത്വത്തിലാണ്.

സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും നിയമപരമായ ഇടപെടലുകൾ പ്രതിസന്ധിക്ക് പ്രായോഗിക പരിഹാരം നൽകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നീതിപീഠത്തെയും നിയമവാഴ്ചയെയും നാം ബഹുമാനിക്കണം. എന്നാൽ സഭാനേതൃത്വത്തിന് സ്വന്തം പ്രശ്നങ്ങൾ നീതിയോടും സ്നേഹത്തോടും കൂടി പരിഹരിക്കാൻ കഴിയാതെ വരുന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്.

രണ്ടായിരം വർഷങ്ങൾക്കുമുമ്പ് പൗലോസ് അപ്പൊസ്തലൻ ചോദിച്ച ചോദ്യം ഇന്ന് എത്ര പ്രസക്തമാണ്!

“നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? പിന്നെ ഐഹികകാര്യങ്ങളെ എത്ര അധികം?” — 1 കൊരിന്ത്യർ 6:3

ദൂതന്മാരെ വിധിക്കേണ്ടവരാണ് നാം. എന്നാൽ ഇന്ന് നമ്മുടെ ആഭ്യന്തര തർക്കങ്ങളിൽ ലോകത്തിന്റെ വിധിക്കായി നാം കാത്തിരിക്കുന്നു!

കൊരിന്ത്യരോടുള്ള ലേഖനത്തിൽ പൗലോസ് വീണ്ടും ചോദിക്കുന്നു:

“നിങ്ങൾ അന്യായം സഹിക്കാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു?” — 1 കൊരിന്ത്യർ 6:7

നിയമപരമായ അവകാശസംരക്ഷണത്തെയോ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് നീതി തേടുന്നതിനെയോ നിരാകരിക്കുകയല്ല ഇവിടെ ചെയ്യുന്നത്. എന്നാൽ അധികാരവും പദവിയും സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നതിൽ സഭയുടെ ആത്മീയ പക്വത എവിടെപ്പോയി എന്നതാണ് ചോദ്യം.

കോടതിക്ക് ആരാണ് നിയമാനുസൃത പ്രസിഡന്റ് എന്നു തീരുമാനിക്കാനായേക്കും. എന്നാൽ ആരാണ് ക്രിസ്തുവിന്റെ സ്വഭാവം പ്രകടിപ്പിക്കുന്ന യഥാർഥ ശുശ്രൂഷകൻ എന്നത് കോടതി വിധിയിലൂടെ സ്ഥാപിക്കാനാവില്ല.

കോടതിക്ക് അധികാരം നിർണയിക്കാനാകും; ആത്മീയത നൽകാനാവില്ല.


ഈ അധികാരരാഷ്ട്രീയത്തിന് ഇന്ധനം നൽകുന്നത് ആരാണ്?

ഈ പ്രതിസന്ധിയുടെ മുഴുവൻ ഉത്തരവാദിത്വവും നേതാക്കന്മാരുടെ തലയിൽ മാത്രം കെട്ടിവയ്ക്കാൻ കഴിയില്ല. സാധാരണ വിശ്വാസികൾക്കും അതിൽ ഉത്തരവാദിത്വമുണ്ട്.

ഓരോ പക്ഷത്തിനും ആളും അർഥവും പിന്തുണയും നൽകുന്നത് ആരാണ്? അനാവശ്യമായ അധികാരമത്സരങ്ങൾക്കും വ്യക്തിപരമായ പോരാട്ടങ്ങൾക്കും സാമ്പത്തിക പിന്തുണ നൽകുന്നത് ആരാണ്? തെറ്റുകൾ കണ്ടിട്ടും സ്വന്തം നേതാവിനെ ന്യായീകരിക്കുന്നത് ആരാണ്?

വിശ്വാസികൾതന്നെയല്ലേ?

ദൈവരാജ്യത്തിന്റെ വ്യാപനത്തിനും സുവിശേഷീകരണത്തിനും ശുശ്രൂഷക സംരക്ഷണത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി നൽകേണ്ട പണം അധികാരമത്സരങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നുവെങ്കിൽ അതിനെ ചോദ്യം ചെയ്യേണ്ട ഉത്തരവാദിത്വം വിശ്വാസികൾക്കുണ്ട്.

പണം നൽകുന്നതോടൊപ്പം അതിന്റെ വിനിയോഗത്തിൽ സുതാര്യതയും ഉത്തരവാദിത്വവും ആവശ്യപ്പെടണം.

പൗലോസ് അപ്പൊസ്തലൻ പറയുന്നു:

“കർത്താവിന്റെ മുമ്പാകെ മാത്രമല്ല, മനുഷ്യരുടെ മുമ്പാകെയും യോഗ്യമായതു മുൻകരുതുന്നു.” — 2 കൊരിന്ത്യർ 8:21

വിശ്വാസികൾ നിയമാനുസൃതമായ സഭാചെലവുകളെയും സാധാരണ ശുശ്രൂഷകരെയും മിഷൻ പ്രവർത്തനങ്ങളെയും സംരക്ഷിക്കണം. എന്നാൽ വിഭാഗീയ രാഷ്ട്രീയത്തിനും വ്യക്തിവിരോധത്തിനും സാമ്പത്തികവും ധാർമികവുമായ പിന്തുണ നൽകുന്നത് അവസാനിപ്പിക്കണം.

നേതാക്കന്മാരോടുള്ള ബഹുമാനം അവരുടെ എല്ലാ പ്രവൃത്തികളെയും കണ്ണടച്ച് ന്യായീകരിക്കാനുള്ള അനുമതിയല്ല.


വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ പുതിയ ആത്മീയ യുദ്ധം!

സഭയിലെ തർക്കങ്ങൾ ആരംഭിച്ചതിനുശേഷം അനേകം വാട്സ്ആപ്പ് ഗ്രൂപ്പുകളും സമൂഹമാധ്യമ കൂട്ടായ്മകളും സജീവമായിട്ടുണ്ട്. പലതും വിവരങ്ങൾ കൈമാറാനുള്ള വേദികൾ എന്നതിലുപരി പരസ്പരം അധിക്ഷേപിക്കാനും ആരോപണങ്ങൾ ഉന്നയിക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ഇടങ്ങളായി മാറുകയാണ്.

ഒരു ചെറിയ പ്രശ്നം ഉണ്ടായാൽ അതിനെ ആളിക്കത്തിക്കാൻ കാത്തിരിക്കുന്നവരുണ്ട്. കത്തുന്ന തീയിൽ എണ്ണയൊഴിക്കുന്നവരുണ്ട്. സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവരുണ്ട്. സഭയുടെ തകർച്ചയെ വിനോദമായി കാണുന്നവരുമുണ്ട്.

രാവിലെ വചനവും വൈകുന്നേരം അധിക്ഷേപവും! ഒരു ഗ്രൂപ്പിൽ പ്രാർത്ഥനയും മറ്റൊരു ഗ്രൂപ്പിൽ വ്യക്തിഹത്യയും!

ഇതാണോ പരിശുദ്ധാത്മാവിന്റെ നിറവ്?

യാക്കോബ് അപ്പൊസ്തലൻ പറയുന്നു:

“ഒരേ വായിൽനിന്നു സ്തോത്രവും ശാപവും പുറപ്പെടുന്നു; സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.” — യാക്കോബ് 3:10

യിരെമ്യാവിന്റെ കണ്ണീരോ നെഹെമ്യാവിന്റെ ഭാരമോ അല്ല ഇന്ന് പലരുടെയും പ്രതികരണങ്ങളിൽ കാണുന്നത്; എതിർപക്ഷം പരാജയപ്പെടുമ്പോഴുള്ള ആഹ്ലാദമാണ്.

ഒരു സഭയുടെ അപമാനം മറ്റൊരു പക്ഷത്തിന്റെ വിജയമാകുന്നതെങ്ങനെ? ഒരു ദൈവദാസന്റെ വീഴ്ച മറ്റൊരു ദൈവദാസന് ആഘോഷമാകുന്നതെങ്ങനെ?

ഓർക്കുക, നാം ഒരേ ശരീരത്തിലെ അവയവങ്ങളാണ്.

“ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു.” — 1 കൊരിന്ത്യർ 12:26


നമ്മുടെ മക്കൾ ഇതെല്ലാം കാണുന്നുണ്ട്!

ഈ പ്രതിസന്ധിയുടെ ഏറ്റവും ഭയാനകമായ പ്രത്യാഘാതം കോടതിവിധിയോ നേതൃത്വമാറ്റമോ സാമ്പത്തിക നഷ്ടമോ അല്ല. അത് നമ്മുടെ അടുത്ത തലമുറയുടെ ആത്മീയ ജീവിതത്തിനുണ്ടാകാവുന്ന നഷ്ടമാണ്.

നമ്മുടെ മക്കൾ എല്ലാം കാണുന്നുണ്ട്. അവർ സമൂഹമാധ്യമങ്ങൾ വായിക്കുന്നുണ്ട്. പാസ്റ്റർമാരുടെ പ്രസംഗങ്ങളും അവരുടെ പ്രവൃത്തികളും തമ്മിലുള്ള വ്യത്യാസം അവർ തിരിച്ചറിയുന്നുണ്ട്.

അവർ നമ്മോടു ചോദിച്ചേക്കാവുന്ന ചില ചോദ്യങ്ങളുണ്ട്.

പരസ്പരം സ്നേഹിക്കണമെന്ന് പ്രസംഗിക്കുന്ന നിങ്ങൾ എന്തുകൊണ്ട് പരസ്പരം പോരാടുന്നു?

ക്ഷമിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കുന്ന നിങ്ങൾ എന്തുകൊണ്ട് പരസ്പരം ക്ഷമിക്കുന്നില്ല?

ലോകത്തെ ഉപേക്ഷിക്കണമെന്ന് പറയുന്ന നിങ്ങൾ എന്തുകൊണ്ട് അധികാരത്തിന്റെയും സമ്പത്തിന്റെയും പിന്നാലെ പോകുന്നു?

സഭ ദൈവത്തിന്റെതാണെങ്കിൽ എന്തുകൊണ്ടാണ് അതിന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടി ഇത്രയും പോരാട്ടം?

ഈ ചോദ്യങ്ങൾക്ക് നമുക്ക് എന്തു മറുപടിയുണ്ട്?

വരുംതലമുറ സഭയിൽനിന്നും വിശ്വാസത്തിൽനിന്നും അകന്നുപോകുന്നുവെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഇന്നത്തെ നേതൃത്വത്തിനും വിശ്വാസസമൂഹത്തിനും ഒഴിഞ്ഞുമാറാനാവില്ല.

നാം അവർക്കായി പണിതുയർത്തുന്ന വലിയ സഭാമന്ദിരങ്ങളെക്കാൾ വിലപ്പെട്ടത് നാം അവർക്കു നൽകുന്ന ആത്മീയ മാതൃകയാണ്.

യേശു പറഞ്ഞു:

“എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ മുക്കിക്കളയുന്നതു അവന്നു നന്നു.” — മത്തായി 18:6

ഒരു പദവി നേടുന്നതിനുവേണ്ടിയുള്ള നമ്മുടെ പോരാട്ടം ഒരു യുവാവിന്റെ വിശ്വാസനഷ്ടത്തിന് കാരണമാകുന്നുവെങ്കിൽ ദൈവസന്നിധിയിൽ ആ പദവിക്ക് എന്തു വിലയാണുള്ളത്?

നിങ്ങൾ ഒരു തിരഞ്ഞെടുപ്പിൽ വിജയിച്ചേക്കാം; എന്നാൽ ഒരു തലമുറയെ നഷ്ടപ്പെടുത്തിയാൽ ആ വിജയത്തിന് എന്ത് അർഥമാണുള്ളത്?


നമ്മുടെ പൂർവപിതാക്കന്മാരുടെ ത്യാഗത്തിന് നാം നൽകുന്ന പ്രതിഫലം ഇതാണോ?

പാസ്റ്റർ കെ. ഇ. എബ്രഹാം ഉൾപ്പെടെയുള്ള പെന്തെക്കോസ്തു പൂർവപിതാക്കന്മാർ വലിയ ത്യാഗങ്ങളിലൂടെയും പ്രാർത്ഥനയിലൂടെയും സമർപ്പണത്തിലൂടെയുമാണ് ഈ പ്രസ്ഥാനം വളർത്തിയെടുത്തത്.

അവർക്ക് ഇന്നത്തെപ്പോലെ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. വലിയ കൺവെൻഷൻ വേദികളോ ആധുനിക സാങ്കേതികവിദ്യകളോ സാമ്പത്തിക ശേഷിയോ ഉണ്ടായിരുന്നില്ല. എന്നാൽ അവർക്ക് സുവിശേഷത്തോടുള്ള തീക്ഷ്ണതയുണ്ടായിരുന്നു.

അവർ സഭകൾ സ്ഥാപിച്ചു; നാം സഭകളുടെ ഉടമസ്ഥാവകാശത്തിനുവേണ്ടി പോരാടുന്നു.

അവർ ആത്മാക്കളെ നേടി; നാം അനുയായികളെ നേടാൻ മത്സരിക്കുന്നു.

അവർ കല്ലേറും പരിഹാസവും സഹിച്ചു; നാം പരസ്പരം വാക്കുകളാൽ മുറിവേൽപ്പിക്കുന്നു.

അവർ ക്രിസ്തുവിനുവേണ്ടി സ്വന്തമായതെല്ലാം ഉപേക്ഷിച്ചു; നാം സ്വന്തമായതൊന്നും ഉപേക്ഷിക്കാതിരിക്കാൻ ക്രിസ്തുവിന്റെ നാമം ഉപയോഗിക്കുന്നുണ്ടോ?

പ്രശസ്ത ദൈവദാസനായ എ. ഡബ്ല്യു. ടോസർ പറഞ്ഞിട്ടുണ്ട്:

“ഒരു സംഘടനയും ഒരു പേരുംകൊണ്ട് മാത്രം ഒരു സഭ രൂപപ്പെടുന്നില്ല.”

— A. W. Tozer, Man: The Dwelling Place of God

പെന്തെക്കോസ്ത് എന്നത് കേവലം ഒരു സംഘടനയുടെ പേരല്ല. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു ജീവിതത്തിന്റെ സാക്ഷ്യമാണ്.

പരിശുദ്ധാത്മാവിന്റെ ഫലം സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നിവയാണെന്ന് ഗലാത്യർ 5:22–23 പഠിപ്പിക്കുന്നു.

അതേസമയം ശത്രുത, പിണക്കം, ജാരശങ്ക, ക്രോധം, മത്സരബുദ്ധി, ഭിന്നത, പക്ഷഭേദം എന്നിവയെ ജഡത്തിന്റെ പ്രവൃത്തികളായിട്ടാണ് വേദപുസ്തകം വിശേഷിപ്പിക്കുന്നത് (ഗലാത്യർ 5:19–21).

ഇവയിൽ ഏതിന്റെ ഫലമാണ് ഇന്ന് നാം പ്രകടിപ്പിക്കുന്നത്?


ഒന്നിക്കുക; അല്ലെങ്കിൽ മാന്യമായി വേർപിരിയുക!

സഭയുടെ ഐക്യം നിലനിർത്തുക എന്നതായിരിക്കണം നമ്മുടെ പ്രഥമ ലക്ഷ്യം. യേശുക്രിസ്തുവിന്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽപോലും തന്റെ അനുയായികളുടെ ഐക്യത്തിനാണ് വലിയ പ്രാധാന്യം നൽകിയിരിക്കുന്നത്.

“നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു...” — യോഹന്നാൻ 17:21

എന്നാൽ എല്ലാ രമ്യതാശ്രമങ്ങളും പരാജയപ്പെടുകയും ഒരുമിച്ച് മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുകയും ചെയ്യുന്നുവെങ്കിൽ, നിരന്തരമായ വഴക്കുകളിലൂടെ സമൂഹത്തിനു മുമ്പിൽ അപഹാസ്യരാകുന്നതിനെക്കാൾ മാന്യവും നിയമാനുസൃതവുമായ ഒരു ഭരണപരമായ വേർതിരിവിനെക്കുറിച്ച് ചിന്തിക്കുന്നതല്ലേ ഉചിതം?

പെന്തെക്കോസ്തു പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ ഭരണപരമായ വേർതിരിവുകൾ അപൂർവമല്ല. മുളക്കുഴയും കോട്ടയം പാക്കിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗോഡ് പ്രസ്ഥാനങ്ങളും പാസ്റ്റർ കെ. ടി. തോമസിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട ഐപിസി നോർത്തേൺ റീജിയനും നമ്മുടെ മുമ്പിലുള്ള ചരിത്രപരമായ ഉദാഹരണങ്ങളാണ്.

അത്തരം ചരിത്രസംഭവങ്ങളുടെ സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നുവെങ്കിലും വ്യത്യസ്ത ഭരണസംവിധാനങ്ങൾക്കുള്ളിൽ സുവിശേഷപ്രവർത്തനം തുടരാൻ കഴിയുമെന്നതാണ് അവ നൽകുന്ന പാഠം.

അബ്രാഹാമും ലോത്തും തമ്മിലുള്ള ഇടയന്മാരുടെ കലഹം രൂക്ഷമായപ്പോൾ അബ്രാഹാം പറഞ്ഞു:

“എനിക്കും നിനക്കും എന്റെ ഇടയന്മാർക്കും നിന്റെ ഇടയന്മാർക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.” — ഉല്പത്തി 13:8

അബ്രാഹാം തന്റെ അവകാശത്തെക്കാൾ സമാധാനത്തിന് പ്രാധാന്യം നൽകി.

പൗലോസും ബർന്നബാസും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായപ്പോൾ അവർ വ്യത്യസ്ത വഴികളിലൂടെ സുവിശേഷപ്രവർത്തനം തുടർന്നു (അപ്പൊസ്തലപ്രവൃത്തികൾ 15:36–41).

വിഭജനം ആഘോഷിക്കണമെന്നല്ല ഇതിന്റെ അർഥം. സഭയെ വിഭജിക്കുന്നത് ആത്മീയമായ ആദ്യ പരിഹാരവുമല്ല. എന്നാൽ അവസാനിക്കാത്ത അധികാരമത്സരങ്ങളിലൂടെ ക്രിസ്തുവിന്റെ നാമം നിരന്തരം അപമാനിക്കപ്പെടുന്നതിനേക്കാൾ, മറ്റെല്ലാ മാർഗങ്ങളും പരാജയപ്പെടുന്ന സാഹചര്യത്തിൽ, സമാധാനപരവും നിയമാനുസൃതവും നീതിപൂർവവുമായ ഭരണപരമായ വേർതിരിവ് ഒരു അവസാന മാർഗമായി പരിഗണിക്കാവുന്നതാണ്.

ഒന്നിച്ചു നിൽക്കാൻ കഴിയുമെങ്കിൽ ഒന്നിക്കുക. അതാണ് ഏറ്റവും ശ്രേഷ്ഠം. അതിനു കഴിയുന്നില്ലെങ്കിൽ പരസ്പരം ശത്രുക്കളാകാതെ, സ്വത്തവകാശങ്ങളിലും സാമ്പത്തിക ബാധ്യതകളിലും വിശ്വാസികളുടെ അവകാശങ്ങളിലും നീതി ഉറപ്പാക്കി മാന്യമായി വേർപിരിയുക.

ഒന്നിച്ചുനിന്ന് ക്രിസ്തുവിനെ മഹത്വപ്പെടുത്തുക; അല്ലാത്തപക്ഷം വ്യത്യസ്തമായി പ്രവർത്തിച്ചെങ്കിലും ക്രിസ്തുവിന്റെ നാമത്തിന് അപമാനം വരുത്താതിരിക്കുക.


ഇനിയെങ്കിലും എന്തെങ്കിലും ചെയ്യേണ്ടതില്ലേ?

വെറും പ്രസംഗങ്ങളോ പ്രാർത്ഥനാ പ്രഖ്യാപനങ്ങളോ കൊണ്ട് മാത്രം ഈ പ്രതിസന്ധി അവസാനിക്കില്ല. പ്രാർത്ഥനയോടൊപ്പം പ്രായോഗിക നടപടികളും അനിവാര്യമാണ്.

  • എല്ലാ വിഭാഗങ്ങളും പരസ്പരമുള്ള പ്രകോപനങ്ങളും അധിക്ഷേപങ്ങളും അവസാനിപ്പിക്കണം.

  • വ്യക്തിതാൽപര്യങ്ങളില്ലാത്ത, എല്ലാവർക്കും സ്വീകാര്യരായ മുതിർന്ന ദൈവദാസന്മാരും നിയമവിദഗ്ധരും ഉൾപ്പെട്ട ഒരു മധ്യസ്ഥസമിതി രൂപീകരിക്കണം.

  • സഭയുടെ ഭരണഘടനയും നിലവിലുള്ള കോടതി ഉത്തരവുകളും മാനിച്ച് ചർച്ചകൾ നടത്തണം.

  • സഭയുടെ സാമ്പത്തിക ഇടപാടുകളിൽ പൂർണമായ സുതാര്യത ഉറപ്പാക്കണം.

  • നിയമാനുസൃതവും സുതാര്യവുമായ തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ നേതൃത്വപ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തണം.

  • തെറ്റുകൾ ചെയ്തിട്ടുള്ളവർ അത് അംഗീകരിക്കാനും പരസ്യമായി ക്ഷമ ചോദിക്കാനും തയ്യാറാകണം.

  • ആവശ്യമെങ്കിൽ സഭയുടെ നന്മയ്ക്കുവേണ്ടി നിലവിലുള്ള നേതാക്കന്മാർ സ്ഥാനങ്ങളിൽനിന്ന് മാറിനിൽക്കാനും സന്നദ്ധരാകണം.

  • സാധാരണ വിശ്വാസികളുടെയും ശുശ്രൂഷകരുടെയും അടുത്ത തലമുറയുടെയും ആത്മീയ താൽപര്യങ്ങൾക്ക് പരമപ്രാധാന്യം നൽകണം.

ഇവയൊന്നും അസാധ്യമായ കാര്യങ്ങളല്ല. എന്നാൽ ദുരഭിമാനത്തെക്കാൾ ക്രിസ്തുവിന് പ്രാധാന്യം നൽകുന്ന ഒരു ഹൃദയം ഉണ്ടായിരിക്കണം.


കോരഹിന്റെ മക്കൾ നൽകുന്ന പാഠം

സംഖ്യാപുസ്തകം പതിനാറാം അധ്യായത്തിൽ കോരഹും കൂട്ടരും മോശെയുടെയും അഹരോന്റെയും നേതൃത്വത്തിനെതിരെ മത്സരിച്ച സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. അധികാരത്തിനുവേണ്ടിയുള്ള മത്സരത്തിന്റെ ഗൗരവം വെളിപ്പെടുത്തുന്ന ഒരു സംഭവമാണത്.

എന്നാൽ സംഖ്യാപുസ്തകം 26:11-ൽ ശ്രദ്ധേയമായ ഒരു വാക്യം വായിക്കുന്നു:

“എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല.”

അപ്പന്റെ മത്സരത്തിന്റെ ന്യായവിധിയിൽ മക്കൾ നശിച്ചില്ല. പിന്നീട് കോരഹിന്റെ പുത്രന്മാരുടെ പേര് ദൈവാലയ ശുശ്രൂഷയോടും സങ്കീർത്തനങ്ങളോടും ബന്ധപ്പെട്ട് നാം കാണുന്നു.

സ്വന്തം കുടുംബത്തിന്റെയോ നേതാവിന്റെയോ വിഭാഗത്തിന്റെയോ തെറ്റുകളെ പിന്തുടരേണ്ട ബാധ്യത നമുക്കില്ല എന്ന വലിയ ആത്മീയ പാഠമാണ് ഇവിടെനിന്ന് നമുക്ക് ഉൾക്കൊള്ളാനാവുന്നത്.

നേതാവ് തെറ്റുചെയ്താൽ അത് തെറ്റാണെന്ന് പറയാനുള്ള ആത്മീയ ധൈര്യം വിശ്വാസിക്കുണ്ടാകണം. സ്വന്തം പക്ഷം തെറ്റുചെയ്യുമ്പോൾ മൗനം പാലിക്കുകയും എതിർപക്ഷം തെറ്റുചെയ്യുമ്പോൾ ശബ്ദമുയർത്തുകയും ചെയ്യുന്നത് നീതിയല്ല.

സ്വന്തം നേതാവിനോടുള്ള വിശ്വസ്തത ഒരിക്കലും ദൈവത്തോടുള്ള വിശ്വസ്തതയെക്കാൾ വലുതാകരുത്.


യഹോവയുടെ പക്ഷത്തുള്ളവർ ആരെല്ലാം?

ഇസ്രായേൽജനം പൊൻകാളക്കുട്ടിയെ ഉണ്ടാക്കി ദൈവത്തിനെതിരെ പാപം ചെയ്തപ്പോൾ മോശെ പാളയത്തിന്റെ വാതിൽക്കൽനിന്ന് ചോദിച്ചു:

“യഹോവയുടെ പക്ഷത്തുള്ളവർ എന്റെ അടുക്കൽ വരുവിൻ.” — പുറപ്പാട് 32:26

ഇന്ന് പെന്തെക്കോസ്തു സമൂഹത്തോടും ചോദിക്കേണ്ട ചോദ്യം ഇതുതന്നെയാണ്.

നിങ്ങൾ ഏത് പാനലിലാണ് എന്നല്ല ചോദ്യം.

നിങ്ങൾ ഏത് പ്രസിഡന്റിന്റെ അനുയായിയാണ് എന്നല്ല ചോദ്യം.

നിങ്ങൾ ജനറൽ പക്ഷത്താണോ സ്റ്റേറ്റ് പക്ഷത്താണോ എന്നല്ല ചോദ്യം.

നിങ്ങൾ ദൈവത്തിന്റെ പക്ഷത്താണോ?

ദൈവത്തിന്റെ പക്ഷത്ത് നിൽക്കുക എന്നത് ഏതെങ്കിലും ഒരു മനുഷ്യന്റെ പക്ഷത്ത് അന്ധമായി നിലകൊള്ളുന്നതല്ല. സത്യത്തിന്റെയും നീതിയുടെയും വിശുദ്ധിയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പക്ഷത്ത് നിൽക്കുന്നതാണ്.

ഏതെങ്കിലും ഒരു പക്ഷത്തെ ദൈവത്തിന്റെ പക്ഷമെന്നും മറ്റുള്ളവരെ ദൈവവിരോധികളെന്നും പ്രഖ്യാപിക്കാനുള്ള അവകാശം നമുക്കില്ല. ഓരോരുത്തരും സ്വന്തം ജീവിതവും നിലപാടുകളും ദൈവവചനത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കുകയാണ് വേണ്ടത്.


ഉപസംഹാരം: ഇനിയും വൈകിയിട്ടില്ല!

പ്രിയപ്പെട്ട ദൈവദാസന്മാരേ, സഭാനേതാക്കന്മാരേ, കൗൺസിൽ അംഗങ്ങളേ, വിശ്വാസികളേ, ഇനിയെങ്കിലും ഈ അധികാരമത്സരങ്ങൾക്ക് വിരാമമിടുക.

ലോകം നമ്മെ നോക്കുന്നുണ്ട്. മറ്റു ക്രൈസ്തവ സമൂഹങ്ങൾ നമ്മെ നോക്കുന്നുണ്ട്. നമ്മുടെ മക്കൾ നമ്മെ നോക്കുന്നുണ്ട്. എല്ലാറ്റിനുമുപരി ദൈവം നമ്മെ നോക്കുന്നുണ്ട്.

നമ്മുടെ പേരിനു മുമ്പിൽ എത്ര വലിയ സ്ഥാനമുണ്ടായിരുന്നു എന്നല്ല ഒരുനാൾ ദൈവം ചോദിക്കുക. എത്ര വർഷം പ്രസിഡന്റോ സെക്രട്ടറിയോ കൗൺസിൽ അംഗമോ ആയിരുന്നു എന്നുമല്ല.

അവിടുന്ന് നമ്മെ ഏല്പിച്ച ഉത്തരവാദിത്വത്തോട് എത്രത്തോളം വിശ്വസ്തത പുലർത്തി എന്നതാണ് പ്രധാനം.

പത്രോസ് അപ്പൊസ്തലൻ സഭാനേതാക്കന്മാരെ ഓർമിപ്പിക്കുന്നു:

“ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്പിൻ... അധീനവർഗത്തിന്മേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടത്രേ.” — 1 പത്രോസ് 5:2–3

ഐപിസി ആരുടെയും സ്വകാര്യ സ്വത്തല്ല. ഒരു കുടുംബത്തിന്റെയോ വ്യക്തിയുടെയോ പാനലിന്റെയോ മാത്രം അവകാശവുമല്ല. തലമുറകളുടെ കണ്ണീരിന്റെയും പ്രാർത്ഥനയുടെയും ത്യാഗത്തിന്റെയും ഫലമായി വളർന്ന ഒരു ആത്മീയ പ്രസ്ഥാനമാണത്.

ഇതിനെ തകർക്കുവാൻ ഒരു തലമുറയ്ക്കും അവകാശമില്ല.

ഇനിയും നമ്മുടെ ഉള്ളിൽ ആത്മീയത അവശേഷിക്കുന്നുണ്ടെങ്കിൽ, മനസ്സാക്ഷി മരവിച്ചിട്ടില്ലെങ്കിൽ, ക്രിസ്തുവിനോടുള്ള സ്നേഹം നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ, നമുക്ക് ഈ വിനാശകരമായ അധികാരരാഷ്ട്രീയത്തിൽനിന്ന് പിന്തിരിയാം.

പദവികൾക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ അവസാനിക്കട്ടെ. പക്ഷപാതത്തിന്റെ മതിലുകൾ തകരട്ടെ. ക്ഷമയുടെയും താഴ്മയുടെയും സമാധാനത്തിന്റെയും വാതിലുകൾ തുറക്കട്ടെ. പെന്തെക്കോസ്തിന്റെ യഥാർഥ ആത്മീയത നമ്മുടെ ജീവിതങ്ങളിലേക്ക് മടങ്ങിവരട്ടെ.

സഭ ലോകത്തെ സ്വാധീനിക്കേണ്ടതാണ്; ലോകം സഭയെ നിയന്ത്രിക്കേണ്ടതല്ല.

സഭ ശുശ്രൂഷയുടെ വേദിയാണ്; അധികാരത്തിന്റെ നാടകശാലയല്ല.

നാം ക്രിസ്തുവിന്റെ സാക്ഷികളാണ്; ഏതെങ്കിലും പാനലിന്റെ പ്രചാരകരല്ല.

നാടകത്തിന്റെ തിരശ്ശീല ഇനിയെങ്കിലും താഴട്ടെ. ക്രിസ്തുവിന്റെ നാമം ഉയരട്ടെ!


“നിങ്ങൾക്കു തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.”

— യോഹന്നാൻ 13:35


- ക്രിസ്തുവിൽ 

Dr. Shinu K. Joy

Sub-Editor, Landway News

RELATED STORIES

  • ഐക്യതയുടെ പിന്നിലെ അത്ഭുതങ്ങൾ - ഐക്യമായി ചേർന്ന് കർത്താവിൻ്റെ മാറ്റമില്ലാത്ത സുവിശേഷം ധൈര്യമായി വിളമ്പരം ചെയ്യാം. ലജ്ജ കൂടാതെ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടികളോടും സുവിശേഷം പങ്കുവക്കാം ആപ്ക്കോണിലെ എല്ലാ അണിയറ പ്രവർത്തകർക്കുമൊപ്പം ഈ ജയ്ത്രയാത്രയിൽ നമുക്കും സാക്ഷികളാകാം. നമ്മുടെ മുമ്പിലുള്ള മലകളും, കുന്നുകളും, ഗ്രാമങ്ങളും, പട്ടണങ്ങളും ഐക്യമായി നമുക്ക് കീഴടക്കാം. ദേശം നമ്മെ കൈ നീട്ടി വിളിക്കുന്നു "പോകാം നമുക്ക് ക്രിസ്തുവിനായി നേടാം നമ്മുക്ക് ആത്മാക്കളെ" സുവിശേഷത്തിന് അതിർവരമ്പുകളില്ല ഈ സത്യസുവിശേഷം ഐക്യമായി നിന്നുകൊണ്ടു ബൈബിളിലെ വാക്യം നമുക്ക് ധൈര്യമായി ഒറ്റ ശബ്ദത്തിൽ വിളിച്ചു പറയാം...... "മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല (അപ്പൊ. പ്രവൃത്തികൾ 4:12).

    Hermeneutics to Homiletics - There is a necessary place for laughter in life. Ecclesiastes 3:4 says that, “There’s a time to weep and a time to laugh.” There is a time for humor. Laughter and wit are both common graces granted to us so that we can enjoy the ironies and absurdities of life. There are many appropriate moments when laughter (and the humor that fuels it) can be a profound blessing, especially to those who are going through prolonged trials. “A cheerful heart is a good medicine.” (Proverbs 17:22). Therefore, even sermons can occasionally contain humor.