ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിന് പുതിയ നേതൃത്വം; പാസ്റ്റർ ഫിലിപ്പ് പി. തോമസ് ചുമതലയേറ്റു

ആലപ്പുഴ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ (ഐപിസി) ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ ഫിലിപ്പ് പി. തോമസ് ഔദ്യോഗികമായി ചുമതലയേറ്റു. ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് പാസ്റ്റർ മാത്യു ഏബ്രഹാം അദ്ദേഹത്തെ സ്വീകരിച്ചു.

കരുവാറ്റ ശാലേം സഭാംഗമായ പാസ്റ്റർ ഫിലിപ്പ് പി. തോമസ് ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ സെക്രട്ടറിയായും വിവിധ പ്രാദേശിക സഭകളുടെ ശുശ്രൂഷകനായും പ്രവർത്തിച്ചിട്ടുണ്ട്.

മൂന്നര പതിറ്റാണ്ടിന്റെ വളർച്ചാചരിത്രം

1991-ൽ പാസ്റ്റർ ഏബ്രഹാം ജോർജിന്റെ നേതൃത്വത്തിൽ അഞ്ച് സഭകളും നാല് സുവിശേഷ പ്രവർത്തകരുമായി ആരംഭിച്ച ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ഇന്ന് 55 സഭകളും 75 സുവിശേഷ ശുശ്രൂഷകരുമുള്ള വിപുലമായ സഭാസമൂഹമായി വളർന്നിരിക്കുന്നു. സഭകളുടെ എണ്ണത്തിൽ ഐപിസിയിലെ മൂന്നാമത്തെ വലിയ ഡിസ്ട്രിക്ടാണിത്.

ഡിസ്ട്രിക്ടിന്റെ സ്ഥാപകനും മൂന്നര പതിറ്റാണ്ടോളം അതിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ ശുശ്രൂഷകനുമായ പാസ്റ്റർ ഏബ്രഹാം ജോർജ് 2026 ഒക്ടോബർ 31-ന് നിത്യതയിൽ പ്രവേശിച്ചിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായാണ് പാസ്റ്റർ ഫിലിപ്പ് പി. തോമസ് ഡിസ്ട്രിക്ടിന്റെ ശുശ്രൂഷാ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

സഭാനേതൃത്വത്തിലും വേദപഠനത്തിലും അനുഭവസമ്പത്ത്

വേദാധ്യാപകൻ, എഴുത്തുകാരൻ, സുവിശേഷ പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ പാസ്റ്റർ ഫിലിപ്പ് പി. തോമസ് ഐപിസിയുടെ വിവിധ സെന്ററുകളിൽ ശുശ്രൂഷകനായും കേരള സ്റ്റേറ്റിന്റെ വിവിധ ഭരണപദവികളിലും ഐപിസി ജനറൽ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പുതിയ ശുശ്രൂഷകന്റെ സ്ഥാനാരോഹണത്തോടെ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് അതിന്റെ സഭാ ചരിത്രത്തിലെ മറ്റൊരു അധ്യായത്തിലേക്ക് പ്രവേശിക്കുകയാണ്.

ലാൻഡ്‌വേ ന്യൂസ് | ആലപ്പുഴ



RELATED STORIES