ഉണ്ണിത്താന് നെല്ലിക്ക പാഴ്സൽ

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ നേതാക്കൾ തമ്മിലുള്ള പോര് പുതിയ വിവാദത്തിലേക്ക്. കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താന് നെല്ലിക്ക പാഴ്സൽ അയച്ചതിന് പിന്നാലെ വടകര എംപി ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ അയച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.


സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ പ്രകാരം രാജ്‌മോഹൻ ഉണ്ണിത്താനെ അനുകൂലിക്കുന്നവരാണ് ഷാഫി പറമ്പിലിന് പാഴ്സൽ അയച്ചതെന്നാണ് ആരോപണം. പാഴ്സലിനൊപ്പം കൈയക്ഷരത്തിലുള്ള പരിഹാസക്കുറിപ്പും ഉണ്ടായിരുന്നുവെന്നാണ് പ്രചരിക്കുന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.

'നിങ്ങളുടെ യാത്രകളിൽ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണിത്. പ്രിയ ശിഷ്യന് പറ്റിയ അബദ്ധം താങ്കൾക്ക് വരാതിരിക്കട്ടെ' എന്നായിരുന്നു കുറിപ്പിലെ പരാമർശം.

ഷാഫി പറമ്പിലിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ വിവാദ പരാമർശങ്ങളാണ് ഇരുനേതാക്കളുടെയും അനുയായികൾക്കിടയിലെ തർക്കത്തിന് തുടക്കമിട്ടത്. ഷാഫിയുടെ അനുയായികൾ തനിക്കെതിരെ സൈബർ ആക്രമണം നടത്തുകയാണെന്നായിരുന്നു ഉണ്ണിത്താന്റെ ആരോപണം.

ഇതിനുപിന്നാലെയാണ് പാലക്കാട് വണ്ടാഴിയിലെ കോൺഗ്രസ് പ്രവർത്തകർ ഉണ്ണിത്താന് നെല്ലിക്ക പാഴ്സൽ അയച്ചത്. ദിവസവും മൂന്ന് നേരം നെല്ലിക്കത്താളം നടത്തണമെന്ന പരിഹാസക്കുറിപ്പും പാഴ്സലിനൊപ്പം ഉൾപ്പെടുത്തിയിരുന്നു.

ഇതിന് തിരിച്ചടിയായാണ് ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ അയച്ചതെന്ന പ്രചാരണം ശക്തമായിരിക്കുന്നത്. ഉണ്ണിത്താന്റെ വ്യക്തിപരമായ പരാമർശങ്ങളെ പരിഹസിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള അധികാര വടംവലിയും ഗ്രൂപ്പ് തർക്കവുമാണ് വിവാദങ്ങൾക്ക് പിന്നിലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തൽ. പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടും കോൺഗ്രസിലെ പോര് അടങ്ങാത്തത് നേതൃത്വത്തിന് തലവേദനയാകുകയാണ്.

RELATED STORIES