രാജ്യത്തിന്റെ ആത്മീയ ഉണർവിനായി എം.പി.എ. യുകെ & യൂറോപ്പ്; ഏകദിന പ്രാർത്ഥനാ സംഗമം ലണ്ടനിൽ നടന്നു

ലണ്ടൻ: മലയാളി പെന്തെക്കോസ്ത് അസോസിയേഷൻ (MPA UK & Europe) യുകെ ആൻഡ് യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ആത്മീയ ഉണർവ് ലക്ഷ്യമാക്കി യുകെയിലെ വിവിധ പട്ടണങ്ങളിൽ സംഘടിപ്പിച്ചുവരുന്ന ഏകദിന പ്രാർത്ഥനാ സംഗമങ്ങളുടെ ഭാഗമായി നവംബർ 28 ശനിയാഴ്ച ലണ്ടനിലെ ഹൗൺസ്ലോയിൽ പ്രാർത്ഥനാ ദിനം സംഘടിപ്പിച്ചു.

ഐപിസി ലണ്ടൻ ഹൗൺസ്ലോ ചർച്ചിന്റെ ആതിഥേയത്വത്തിൽ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടന്ന പ്രാർത്ഥനാ സംഗമം എം.പി.എ. യുകെ & യൂറോപ്പ് ട്രസ്റ്റിയും ലണ്ടൻ പ്രെയർ ഗാർഡൻ ചർച്ച് ശുശ്രൂഷകനുമായ പാസ്റ്റർ ജെയിംസ് കോശി ഉദ്ഘാടനം ചെയ്തു.

എം.പി.എ. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ് പ്രാർത്ഥനാ യോഗങ്ങൾക്ക് നേതൃത്വം നൽകി. ഏരിയ കോർഡിനേറ്റർ ഇവാഞ്ചലിസ്റ്റ് സാം തോമസ് പരിപാടിയുടെ ക്രമീകരണങ്ങൾ നിർവഹിച്ചു. പ്രാദേശിക സഭാ ശുശ്രൂഷകൻ പാസ്റ്റർ സാംസൺ ഡാനിയേലിന്റെ നേതൃത്വത്തിൽ ഐപിസി ലണ്ടൻ ഹൗൺസ്ലോ ചർച്ച് പ്രാർത്ഥനാ സംഗമത്തിന് ആതിഥേയത്വം വഹിച്ചു.

രാജ്യത്തിന്റെ ആത്മീയ ഉണർവിനും പട്ടണങ്ങളുടെ വിടുതലിനുമായി വിശ്വാസസമൂഹത്തെ പ്രാർത്ഥനയിൽ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.പി.എ. യുകെ & യൂറോപ്പ് വിവിധ പട്ടണങ്ങളിൽ ഇത്തരം പ്രാർത്ഥനാ സംഗമങ്ങൾ സംഘടിപ്പിച്ചുവരുന്നത്.


അടുത്ത പ്രാർത്ഥനാ സംഗമം കേംബ്രിഡ്ജിൽ സംഘടിപ്പിക്കാൻ ആലോചന

2027 മാർച്ചിൽ നടക്കാനിരിക്കുന്ന എം.പി.എ. കോൺഫറൻസിനോടനുബന്ധിച്ച് അടുത്ത ഏരിയാ പ്രാർത്ഥനാ സംഗമം കേംബ്രിഡ്ജ് കേന്ദ്രമാക്കി സംഘടിപ്പിക്കാൻ ആലോചിക്കുന്നതായി എം.പി.എ. പ്രയർ കോർഡിനേറ്ററും വാട്ട്ഫോർഡ്, വെംബ്ലി, ഹാറ്റ്ഫീൽഡ് എന്നിവിടങ്ങളിലെ വേഡ് ഓഫ് ഹോപ്പ് ബെഥെസ്‌ദ പെന്തെക്കോസ്തൽ ഫെലോഷിപ്പ് ചർച്ചുകളുടെ ശുശ്രൂഷകനുമായ പാസ്റ്റർ ജോൺസൺ ജോർജ് അറിയിച്ചു.

രാജ്യത്തിന്റെ ആത്മീയ ഉണർവിനായി നടത്തിവരുന്ന പ്രാർത്ഥനാ പ്രവർത്തനങ്ങൾക്ക് തുടർന്നും എല്ലാ ദൈവദാസന്മാരുടെയും വിശ്വാസികളുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ലാൻഡ്‌വേ ന്യൂസ് | ലണ്ടൻ



RELATED STORIES