സ്വപ്‌ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്ന് ഷാജ് കിരണ്‍

മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയതിനെ കുറിച്ച് പറഞ്ഞിട്ടില്ല. എഫ്.സി.ആര്‍എ സംബന്ധിച്ച വിവരങ്ങളാണ് സ്വപ്‌നയോട് പറഞ്ഞത്. മുഖ്യമന്ത്രിയെയും കോടിയേരിയെയും കുറിച്ച് വന്ന വാര്‍ത്തകളെക്കുറിച്ചാണ് പറഞ്ഞത്. യഥാര്‍ത്ഥ ശബ്ദരേഖ താന്‍ പുറത്തുവിടുമെന്നും ഷാജ് കിരണ്‍ മനോരമയോട് പറഞ്ഞു.


മുഖ്യമന്ത്രി പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും പണം ബിലീവേഴ്സ് ചര്‍ച്ച് വഴിയാണ് യുഎസിലേക്ക് കടത്തിയതെന്ന് സ്വപ്നാ സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണുമായുള്ള ഓഡിയോ ക്ളിപ്പ് പുറത്ത് വിടുന്ന സമയത്താണ് സ്വപ്ന ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്. ഈ കാര്യങ്ങള്‍ ഓഡിയോയിലുണ്ടെന്നുമാണ് സ്വപ്ന അവകാശപ്പെടുന്നത്. ഇത് മൂലമാണ് അവരുടെ എഫ് സി ആര്‍ എ രജിസ്ട്രേഷന്‍ റദ്ദാക്കിയതെന്നും സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.

ഷാജ് കിരണിനെ വര്‍ഷങ്ങള്‍ക്ക് മുമ്പേ അറിയാമെന്ന് സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. രഹസ്യമൊഴി കൊടുത്ത ശേഷം നിര്‍ബന്ധമായും കാണണമെന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരില്‍ വെച്ച് കണ്ടു. ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല.

നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ലഎന്നായിരുന്നു ഭീഷണി. ഷാജ് കിരണ്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ തന്നെ സംഭവിച്ചു. സരിത്തിനെ കിഡ്‌നാപ്പ് ചെയ്തു. ഷാജ് കിരണിനെ വിളിച്ചുവരുത്തിയത് തന്നെയാണ്. സരിത്തിനെ പൊക്കുമെന്ന് പൊലീസോ വിജിലന്‍സോ അല്ല പറഞ്ഞത്. സ്വാഭാവികമായും ഷാജിനെ വിളിച്ചു. സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചു. തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു. ഷാജ് കിരണ്‍ വിജിലന്‍സ് എഡിജിപിയെ വിളിച്ചു. 45 മിനുട്ടിനും ഒരു മണിക്കൂറിനുമിടയില്‍ സരിത്തിനെ വിടാന്‍ കാരണം ഷാജ് കിരണിന്റെ ഇടപെടലാണ്.

വിലപേശലടക്കം നടത്തി, മണിക്കൂറുകളടക്കം മാനസികമായി പീഢിപ്പിക്കപ്പെട്ടു. മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചു. അശ്ലീല വിഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടെങ്കില്‍ അത് പുറത്തുവിടണം. വീണ്ടും തടിലാകുമെന്നും മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഭയപ്പെട്ടു. വാടകഗര്‍ഭത്തിന് സമ്മതിച്ചത് ഷാജിന്‍റെ ഭാര്യയുടെ വിഷമം കണ്ടിട്ടാണെന്നും സ്വപ്ന പറഞ്ഞു. നിവര്‍ത്തികേട് കൊണ്ടാണ് സംഭാഷണം റെക്കോഡ് ചെയ്തതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

RELATED STORIES