സർക്കിൾ ഇൻസ്പെക്ടർ, ഡിവൈഎസ്പി റാങ്കിലുള്ള അഴിമതിക്കാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തു തയാറായി

തിരുവനന്തപുരം: 740 സിഐമാരിൽ 120 പേർ കൈക്കൂലി, അഴിമതി, ഗുണ്ടാ, മാഫിയ ബന്ധമുള്ളവരുടെ പട്ടികയിലുണ്ട്.ആകെയുള്ള 320 ഡിവൈഎസ്പിമാരിൽ 45 പേർ കൈക്കൂലി, അഴിമതിപ്പട്ടികയിൽപെടുന്നവരാണ്.


സത്യസന്ധരും നല്ല കാര്യങ്ങൾ മുൻകയ്യെടുത്തു നടപ്പാക്കുകയും ചെയ്യുന്ന മികച്ച ഓഫിസർമാരെ ഗ്രീൻപട്ടികയിലും പരാതികളില്ലെങ്കിലും ഒന്നിനും മുൻകയ്യെടുക്കാതെ കഴിഞ്ഞുകൂടിപോകുന്നവരെ ഓറഞ്ച് പട്ടികയിലും കൈക്കൂലിക്കാരായ ഓഫിസർമാരെ റെഡ്പട്ടികയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.സിഐമാർ ഗ്രീൻ പട്ടികയിൽ 190 പേരുണ്ട്. ഓറഞ്ച് പട്ടികയിലാണ് കൂടുതൽ; 430 പേർ. 120 പേർ റെഡ് പട്ടികയിലും. ഡിവൈഎസ്പിമാരിൽ ഗ്രീൻ – 60, ഓറഞ്ച് – 215, റെഡ് – 45.

റെഡ് പട്ടികയിൽ വരുന്നവരെ അപ്രധാന തസ്തികകളിലും ജനസാന്ദ്രതയും കേസും കുറഞ്ഞ സ്ഥലങ്ങളിലും നിയമിക്കാനാണ് ആഭ്യന്തരവകുപ്പ് നിർദേശിച്ചിട്ടുള്ളത്. ഓറഞ്ച് പട്ടികയിൽപ്പെടുന്നവരുടെ സാഹചര്യം പഠിച്ചു പ്രചോദനം നൽകാനും പദ്ധതിയുണ്ട്.മികച്ച ഓഫിസർമാരെ പ്രോൽസാഹിപ്പിക്കുന്നതിനു കൂടിയാണ് പൊലീസ് ആസ്ഥാനത്ത് ഇത്തരമൊരു പട്ടികയൊരുക്കുന്നത്.

സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനും ഈ പട്ടികയാണ് ഇനി ആഭ്യന്തരവകുപ്പിന്റെ പരിഗണനയ്ക്കു വരിക. അഴിമതിപ്പട്ടികയിലുള്ള ഓഫിസർമാർക്കു വേണ്ടി രാഷ്ട്രീയ ശുപാർശകുറയ്ക്കുന്നതിനും ഈ പട്ടിക ഉപകരിക്കും. ഓരോ ഓഫിസറെക്കുറിച്ചും ഇന്റലിജൻസ് നിരീക്ഷണത്തിനു പുറമേ സ്റ്റേഷനിലെത്തിയ പരാതിക്കാരിൽ നിന്നും നാട്ടിൽനിന്നുമുള്ള പൊതു അഭിപ്രായവും ശേഖരിച്ചാണു പട്ടിക തയ്യാറാക്കിയത്.

RELATED STORIES