കെപിസിസി അംഗങ്ങളുടെ പുനഃസംഘടനാ പട്ടികയില്‍ 73 പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ ധാരണ

50 വയസ്സില്‍ താഴെയുള്ള 104ഓളം പേരാണ് പട്ടികയില്‍ ഇടംപിടിക്കാന്‍ സാധ്യത. നേരത്തെ 46 പേരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടിക ഹൈക്കമാന്‍ഡിന് അയച്ചിരുന്നെങ്കിലും അത് മടക്കി അയച്ചിരുന്നു. ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരിലെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് യുവ പ്രാതിനിധ്യവും വനിതാ പ്രാതിനിധ്യവും വര്‍ദ്ധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടിക മടക്കി അയച്ചത്.


ഇതേ തുടര്‍ന്നാണ് പുതിയ തീരുമാനം. ഹൈക്കമാന്‍ഡിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. പുതിയ പട്ടിക ഇന്ന് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും.

280
അംഗ പട്ടികയില്‍ 50 വയസ്സില്‍ താഴെയുള്ള 104 പേരെങ്കിലും ഇടംപിടിച്ചേക്കും. ഒരു നിയമസഭാനിയോജകമണ്ഡലത്തില്‍ നിന്ന് രണ്ട് പ്രതിനിധികള്‍ എന്ന കണക്കില്‍ 140 നിയോജകമണ്ഡലങ്ങളില്‍ നിന്നായി 280 പേരാണ് കെപിസിസി അംഗങ്ങളായി എത്തേണ്ടത്. സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തില്‍ പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ നേതൃത്വവും ഗ്രൂപ്പുകളും നേരത്തെ ധാരണയിലെത്തിയിരുന്നു. അതേസമയം, ഈ മാസം 24, 25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ചിന്തന്‍ ശിബിര്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കെപിസിസി ഭാരവാഹിയോഗം ഇന്ന് ചേരും.

RELATED STORIES