ബാറിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റില്‍

തൃശ്ശൂർ: കാട്ടൂര്‍ സ്വദേശികളായ ക്വട്ടേഷന്‍ സംഘമാണ് പിടിയിലായത്. ഇവര്‍ കഞ്ചാവ് വില്‍പ്പനക്കാരാണ്. തളിക്കുളം റസിഡന്‍സി ബാര്‍ ഉടമ കൃഷ്ണരാജിനും സഹായി ബൈജുവിനുമാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ കുത്തേറ്റത്. ബൈജുവാണ് മരിച്ചത്. കൃഷ്ണരാജിനെ ബാറിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു.


ബാറിലെ ജീവനക്കാരായിരുന്ന അതുല്‍, വിഷ്ണു എന്നിവരാണ് ആക്രമണത്തിന് ക്വട്ടേഷന്‍ കൊടുത്തത്. ഇവരും അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ ബാറില്‍ നിന്നും ഒന്നര ലക്ഷം രൂപയുടെ തിരിമറി നടത്തിയതിന് പിടിക്കപ്പെട്ടിരുന്നു. പണം തിരിച്ചടയ്ക്കാന്‍ ഉടമ നിര്‍ദേശം നല്‍കിയിരുന്നു. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.

കാട്ടൂര്‍ സ്വദേശികളായ അതുല്‍, വിഷ്ണു, അജ്മല്‍, യാസിം, അമിത്, ധനേഷ്, അമല്‍ എന്നിവരാണ് പിടിയിലായത്. പുത്തന്‍തോട് സെന്‍ട്രല്‍ റസിഡന്‍സി ബാറിലാണ് ചൊവ്വാഴ്ച രാത്രി 9.40 ഓടെ ആക്രമണം നടന്നത്. റിസപ്ഷനില്‍ നിന്നിരുന്ന ഉടമയെ ആക്രമിച്ച സംഘം പിന്നീട് ബൈജുവിനെ കുത്തുകയായിരുന്നു. പത്ത് ദിവസം മുന്‍പാണ് ഈ ബാര്‍ പ്രവര്‍ത്തനം തുടങ്ങിയത്. തൊട്ടടുത്ത ദിവസം മുതല്‍ ബില്ലില്‍ കൃത്രിമം കാണിച്ച് പ്രതികളായ ജീവനക്കാര്‍ പണം തട്ടുകയായിരുന്നു.

ബാറിലെത്തിയ അക്രമികള്‍ കൃഷണരാജിനോട് സംസാരിക്കുന്നതിനിടെ അദ്ദേഹത്തെ രണ്ടു തവണ കുത്തി. അകത്തേക്ക് ഓടിയ കൃഷ്ണരാജ് കാബിനില്‍ കയറി കതകടച്ചു രക്ഷപ്പെട്ടു. മറ്റു ജീവനക്കാര്‍ ഇദ്ദേഹത്തെ പിന്‍വശത്തുള്ള വാതിലിലുടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൃഷ്ണരാജിന്റെ നില ഗുരുതരമാണ്.

ഇതിനിടെ പുറത്തിറങ്ങിയ അക്രമികള്‍ അവിടെ നിന്നിരുന്ന ബൈജുവുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കുത്തിവീഴ്ചത്തുകയായിരുന്നു. അക്രമി സംഘത്തിലെ ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാറിലാണ് അക്രമി സംഘം ബാറിലെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിക്കുന്നുണ്ട്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

RELATED STORIES