വായ്പ്പ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് വീടിന് മുന്നില്‍ സ്‌പ്രേ പെയിന്റ് അടിച്ചതായി ആരോപണം

തിരുവനന്തപുരം: ആണ്ടൂര്‍കോണത്ത ഹജിത്ത് കുമാറിന്റെ വീടിന് മുന്നിലാണ് സ്‌പ്രേ പെയിന്റ് അടിച്ചത്. ഇയാള്‍ ചോളമണ്ഡലം ഫിനാന്‍സില്‍ നിന്നും 16 ശതമാനം പലിശയില്‍ 27 ലക്ഷം രൂപ വായ്പ്പയെടുത്തിരുന്നു. കോവിഡിനെ തുടര്‍ന്ന് മൂന്ന് മാസത്തെ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചാണ് നടപടി.


ഗോപന്‍, നാഗസുബ്രഹ്‌മണ്യം എന്നിവര്‍ എത്തിയാണ് സ്‌പ്രേ പെയിന്റടിച്ചത് എന്ന് വീട്ടുകാര്‍ പറയുന്നു. മുടങ്ങിയ തവണ തിരിച്ചടച്ചാലും പെയിന്റ് മായിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടെ പണമടക്കുന്നില്ലെന്നാണ് ഹജിത്തിന്റെ തീരുമാനം.

നേരത്തെ കൊല്ലത്തും സമാനമായ രീതിയില്‍ വീട്ടില്‍ സ്‌പ്രേ പെയിന്റ് അടിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഏജന്‍സിക്ക് വന്ന വീഴ്ച ആണെന്നായിരുന്നു അന്ന് ധനകാര്യ സ്ഥാപനം പ്രതികരിച്ചത്. ജീവനക്കാര്‍ക്കെതിരെയുള്ള ഈ പരാതി പരിശോധിക്കുമെന്നും ഉപഭോക്താക്കളോട് മോശമായി പെരുമാറിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി അന്ന് പ്രതികരിച്ചത്.

അതേസമയം സ്‌പ്രേ പെയിന്റ് അടിച്ചതിനെതിരെ പരാതി നല്‍കിയതില്‍ ചോളമണ്ഡലം ഫിനാന്‍സ് കുടുംബാംഗങ്ങള്‍ക്കെതിരെ പ്രതികാര നടപടികള്‍ കൈക്കൊള്ളുന്നതായും ആരോപണമുണ്ട്. ചെക്കുകള്‍ മടങ്ങിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ നോട്ടീസയച്ചു. പലതവണ ചര്‍ച്ചക്ക് വിളിച്ചുവരുത്തി സ്ഥാപനം അപമാനിച്ചെന്നും പരാതിയുണ്ട്.

RELATED STORIES