അമിത അളവിൽ ഇഞ്ചക്ഷനുകൾ വാങ്ങിക്കുന്നതിന് പിന്നിൽ വൻ മയക്കുമരുന്ന് മാഫിയ സംഘം

സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് ഓ പി ടിക്കറ്റ് എടുത്തശേഷം ഡോക്ടറെ സന്ദർശിക്കാതെ വ്യാജമായി ഇഞ്ചക്ഷനുകൾ കുറിക്കുന്നു : അമിത അളവിൽ ഇഞ്ചക്ഷനുകൾ വാങ്ങിക്കുന്നതിന് പിന്നിൽ വൻ മയക്കുമരുന്ന് മാഫിയ സംഘം. 


തൊടുപുഴ :
സർക്കാർ ആശുപത്രികളിലെ ഒ.പി.ടിക്കറ്റ് ദുരുപയോഗിച്ച് സാമൂഹ്യവിരുദ്ധർ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഇൻജക്ഷനുകൾ വാങ്ങുന്നതായി കണ്ടെത്തി. ലഹരി വസ്തുക്കളുടെ കൂടെ ഉപയോഗിക്കുന്നതിനാണ് ഇത്തരത്തിൽ ഇൻജക്ഷനുകൾ വാങ്ങുന്നത്. തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്നും അത്യാഹിത വിഭാഗത്തിൽ ചീട്ടെടുത്ത ശേഷം ആശുപത്രിയിൽ നിന്നും പുറത്തിറങ്ങി മയക്കുമരുന്ന് മാഫിയാ സംഘം കുറിച്ച് നൽകുന്ന മരുന്നിനായി മെഡിക്കൽ സ്റ്റോറിൽ എത്തുന്ന സംഘം നിരവധിയാണ്.

ലഹരി ഉപയോഗിക്കുന്നതിന്റെ പാർശ്വഫലങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഒ.പി.ടിക്കറ്റ് ദുരുപയോഗം ചെയ്ത് മെഡിക്കൽ സ്റ്റോറിൽ എത്തുന്നത്. ഈ മരുന്നുകൾ ഒന്നും തന്നെ മെഡിക്കൽ സ്റ്റോറിൽ നേരിട്ട് എത്തിയാൽ ലഭിക്കുകയില്ല. അതാണ് ഇത്തരത്തിൽ ഒ.പി.ടിക്കറ്റ് എടുത്ത ശേഷം വ്യാജമായി മരുന്ന് കുറിച്ച് തട്ടിപ്പ് നടത്തുന്നത്. 20 മുതൽ 25 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് ഇത്തരത്തിൽ എത്തുന്നത്. കഴിഞ്ഞ ഡിസംബർ മുതലാണ് ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഇന്നലെ സമാനമായ രീതിയിൽ മെഡിക്കൽ സ്റ്റോറിൽ എത്തിയ ആളെ പിടികൂടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ ഓടി രക്ഷപെട്ടു. സർക്കാർ മെഡിക്കൽ സ്റ്റോറിൽ വലിയ അളവിൽ ഇൻജക്ഷൻ വാങ്ങാൻ എത്തിയപ്പോഴാണ് ജീവനക്കാർ അധികൃതരെ വിവരം അറിയിച്ചത്. എന്നാൽ ഓ പി ടിക്കറ്റിൽ ഇൻജക്ഷൻ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ സ്വകാര്യ മെഡിക്കൽ ഷോപ്പുകൾ തട്ടിപ്പ് മനസിലാക്കാതെ നൽകുകയും ചെയ്യും.

ജില്ലയുടെ പല ഭാഗങ്ങളിലും ഇത്തരത്തിൽ വ്യാജ ഓ പി ടിക്കറ്റ് ഉപയോഗിച്ച് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ ഇൻജക്ഷനുകൾ വാങ്ങാൻ എത്തുന്നതായി ഞങ്ങളുടെ ന്യൂസ് ടീം അന്വേക്ഷണത്തിൽ കണ്ടെത്തി. അതേസമയം ആശുപത്രിയുടെ ഒ.പി. ടിക്കറ്റ് ദുരുപയോഗം ചെയ്യുന്നതായി അധികൃതർ നിരവധിതവണ പോലീസിൽ പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

RELATED STORIES