പ്രവാസി ബോർഡ് പെൻഷൻ തട്ടിപ്പ് നടത്തിയ ഏജൻറ് ശോഭയ്ക്കെതിരെ ഗുരുതര കണ്ടെത്തൽ

പ്രതി ശോഭ സ്വന്തം പേരിലും പെൻഷൻ അക്കൗണ്ട് തുടങ്ങിയതായാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്നവർക്കാണ് അപേക്ഷിക്കാനാവുക എന്നിരിക്കെ, 6 മാസത്തെ വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയ രേഖ വെച്ചാണ് ശോഭ പെൻഷൻ അക്കൗണ്ട് ആരംഭിച്ചത്. 99 പെൻഷൻ അക്കൗണ്ടുകളിലാണ് ഇതുവരെ ക്രമക്കേട് കണ്ടെത്തിയത്.

മുടങ്ങിക്കിടന്ന അക്കൗണ്ടുകളിൽ തിരുത്തൽ വരുത്തി മറ്റു പലരെയും തിരുകിക്കയറ്റി, മുടങ്ങിക്കിടന്ന അക്കൗണ്ടുകളിൽ പലിശയടക്കം കുടിശികയടച്ചെന്ന് കള്ളരേഖയുണ്ടാക്കിയും പെൻഷൻ നൽകുകയായിരുന്നു, പ്രവാസികളല്ലാത്തവർക്ക് പോലും പെൻഷൻ അക്കൗണ്ടുകൾ നൽകി. വൻ വ്യാപ്തിയുള്ള ക്രമക്കേട് ഓരോന്നായി പുറത്തുവരുമ്പോഴാണ് പ്രതിയായ ഏജന്റ് ശോഭ സ്വന്തം പേരിലും പെൻഷൻ അക്കൗണ്ട് ഉണ്ടാക്കിയെന്ന കണ്ടെത്തൽ.

ഈ രേഖ വെച്ച് ആരാണ് പെൻഷന് അനുമതി പാസാക്കിയതെന്ന ചോദ്യത്തിന് ബോർഡ് ഇതുവരെ മറുപടി പോലും നൽകിയിട്ടുമില്ല. ശോഭയെ കൂടാതെ മുൻ കരാർ ജീവനക്കാരി ലിനയാണ് കേസിൽ പിടിയിലായിരിക്കുന്നത്. തട്ടിപ്പ് പുറത്തായതോടെ ലിന 18 ലക്ഷം രൂപ ബോർഡിൽ തിരിച്ചടച്ചു. ഇത്രയധികം പണം എങ്ങനെ ഒരു കരാർ ജീവനക്കാരിയുടെ കൈവശമെത്തിയെന്നതിനും ഉത്തരമില്ല.

RELATED STORIES