കോട്ടയം കുറവിലങ്ങാട്ട് മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു

ഇരുവരും തമ്മിലുണ്ടായ ഏറ്റുമുട്ടിലിനൊടുവിലായിരുന്നു കൊലപാതകം. കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്വദേശിയായ ജോസഫ് എന്ന അറുപത്തിയൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്. മുപ്പത്തിയെട്ടുകാരനായ മകന്‍ ജോണ്‍ പോളാണ് അച്ഛനെ കമ്പിവടിക്ക് അടിച്ചു കൊന്നത്. തിങ്കളാഴ്ച രാത്രി മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടി. കൈയിലുണ്ടായിരുന്ന റബര്‍ കമ്പുപയോഗിച്ച് അച്ഛന്‍ മകനെ ആദ്യം അടിച്ചു. പ്രതിരോധിക്കാനായി കമ്പിവടി കൊണ്ട് താന്‍ തിരിച്ചടിക്കുകയായിരുന്നെന്നാണ് അറസ്റ്റിലായ മകന്‍ പൊലീസിന് നല്‍കിയ മൊഴി.

ബോധരഹിതനായ വീട്ടില്‍ കിടന്ന ജോസഫിനെ ഉപേക്ഷിച്ച് വീടിന് പുറത്താണ് കഴിഞ്ഞ രാത്രി ജോണ്‍ പോള്‍ കിടന്നത്. പിറ്റേന്ന് രാവിലെ എത്തിയപ്പോള്‍ അച്ഛന് അനക്കമില്ലാതെ കിടന്നതിനെ തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാരെത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. പൊലീസെത്തി നടത്തിയ ചോദ്യം ചെയ്യലില്‍ ജോണ്‍ പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പൊലീസ് അനുമാനം. അച്ഛന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ പ്രതിരോധത്തിനിടെയുണ്ടായ കൈയബദ്ധമെന്നാണ് മകന്‍ പൊലീസിന് നല്‍കിയ മൊഴി. മുമ്പ് മകന്റെ മുഖത്ത് ജോസഫ് ആസിഡ് ഒഴിച്ചത് ഉള്‍പ്പെടെയുളള ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്.

RELATED STORIES