മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍
Reporter: News Desk 20-Feb-20232,281

മരണ വീടുകളില്‍ കരിങ്കൊടി കെട്ടാനും പൊതുജനങ്ങള്‍ക്ക് കറുത്ത മാസ്‌കും വസ്ത്രങ്ങളും ധരിക്കാനും അനുവദിക്കാത്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വഴിയരികില്‍ രണ്ട് കുട്ടികള്‍ കരിങ്കൊടി ഉയര്‍ത്തിക്കാട്ടിയാല്‍ ആയിരം പൊലീസുകാര്‍ക്ക് ഇടയിലേക്ക് ഓടിയൊളിക്കുന്ന ഭീരുവായി മുഖ്യമന്ത്രി മാറി. കോണ്‍ഗ്രസ് ആത്മഹത്യാ സ്‌ക്വാഡുകളെ നിയോഗിച്ചിരിക്കുകയാണെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. പ്രതിഷേധം പ്രകടിപ്പിക്കുന്ന കുട്ടികളെയാണ് ആത്മഹത്യാ സ്‌ക്വാഡെന്ന് വിളിച്ചത്. നികുതിക്കൊള്ളയ്ക്കെതിരെ സമരം പ്രഖ്യാപിച്ചപ്പോള്‍ യു.ഡി.എഫിന് സത്യഗ്രഹം മാത്രമെ നടത്താന്‍ അറിയൂവെന്നാണ് മുഖ്യമന്ത്രി പരിഹസിച്ചത്. എന്നിട്ടിപ്പോള്‍ പൊലീസിന്റെ മറവില്‍ ഒളിക്കുന്ന മുഖ്യമന്ത്രിയെ കേരളത്തിന് കാണാന്‍ പോലും കിട്ടുന്നില്ല. സത്യഗ്രഹത്തില്‍ നിന്നും ആത്മഹത്യാ സ്‌ക്വാഡിലേക്ക് പ്രതിപക്ഷത്തിന്റെ സമരം വളര്‍ന്നെന്ന് സി.പി.എം സമ്മതിച്ചിരിക്കുകയാണ്. ജനകീയ സമരങ്ങള്‍ നടത്തുന്നവരെ അര്‍ബന്‍ നക്സലൈറ്റുകളെന്നും തീവ്രവാദികളെന്നും വിളിച്ചതിന് പുറമെയാണ് ഇപ്പോള്‍ ആത്മഹത്യാ സ്‌ക്വാഡെന്നും വിശേഷിപ്പിക്കുന്നത്. സമരം ഇനിയും ശക്തിപ്പെടുത്തും. സര്‍ക്കാരിനെ സമരത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിയുമെന്ന് വ്യക്തമായിരിക്കുകയാണ്.
ഒരു ലക്ഷത്തില്‍ അധികം സംരംഭങ്ങള്‍ തുടങ്ങി 207000 പേര്‍ക്ക് ജോലി നല്‍കിയെന്ന വ്യവസായ വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും അവകാശവാദം തട്ടിപ്പാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. 5 വര്‍ഷം കൊണ്ട് ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 5 വര്‍ഷം കൊണ്ട് 455000 വീടുകള്‍ നിര്‍മ്മിച്ചു. എന്നിട്ടാണ് രണ്ടര ലക്ഷം വീട് നിര്‍മ്മിച്ചവര്‍ കൊട്ടിഘോഷിക്കുന്നത്. ഐ.ജി.എസ്.ടിയില്‍ കൃത്യമായ കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷം 5000 കോടി രൂപയാണ് കേരളത്തിന് നഷ്ടപ്പെടുന്നത്. ഈ മൂന്ന് വിഷയങ്ങളും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിട്ടും മറുപടി നല്‍കാന്‍ മന്ത്രിമാരോ മുഖ്യമന്ത്രിയോ തയാറാകുന്നില്ല. എല്ലാം കറുപ്പില്‍ മറയ്ക്കാമെന്നാണ് കരുതുന്നത്. കറുപ്പിനോട് എന്തിനാണ് ഇത്ര വെറുപ്പ്. മരണ വീട്ടിലെ കരിങ്കൊടി പോലും അഴിച്ചുമാറ്റുന്ന പരിതാപകരമായ അവസ്ഥയില്‍ സി.പി.എം എത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഒരു ഭാഗം മാത്രമാണ് കരിങ്കൊടി കാട്ടല്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കരിങ്കൊടി കാണാന്‍ ഭാഗ്യമുണ്ടായ കേരളത്തിലെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുത്തതു കൊണ്ടാണ് പാലക്കാട്ട് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. കരുതല്‍ തടങ്കലിനെതിരെ നിയമ നടപടി സ്വീകരിക്കും. കരുതല്‍ തടങ്കല്‍ നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായ നിലപാടാണ് കേരളത്തിലെ പൊലീസ് സ്വീകരിക്കുന്നത്.