തിരുവനന്തപുരം സെന്‍ട്രല്‍ ആധുനികവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്റെ ഡിജിറ്റല്‍ രൂപരേഖ കേന്ദ്ര റെയില്‍വേ മന്ത്രാലയം ഫേസ്ബുക്ക്,ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു. നവീകരണ പദ്ധതിയ്ക്ക് 400 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നിലവിലെ പൈതൃക മന്ദിരവും റെയില്‍വേ ലൈനും മാത്രം നിലനിറുത്തിയാകും നവീകരണം. ബംഗളൂരു ആസ്ഥാനമായ റെയില്‍വെ ലാന്‍ഡ് ഡെവലപ്‌മെന്റ് അതോറിട്ടിയ്ക്കാണ് (ആര്‍.എല്‍.ഡി.എ) നിര്‍മ്മാണച്ചുമതല. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ റെയില്‍വെയുമായി ആര്‍.എല്‍.ഡി.എ അധികൃതര്‍ ഡിസംബര്‍ മുതല്‍ നടത്തിയിരുന്നു. നിര്‍മ്മാണം ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

നിലവിലുള്ള ടെര്‍മിനല്‍ കെട്ടിടം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് നിലകള്‍ക്ക് മുകളില്‍ ഒരു നിലകൂടി ഉയരും. ഒന്നാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന് വിമാനത്താവള മാതൃകയില്‍ കാത്തിരിപ്പ് കേന്ദ്രവും ഒരുങ്ങും. ഇവിടെ വിശ്രമ ഹാള്‍ (കോണ്‍കോഴ്‌സ് ഏരിയ) സജ്ജീകരിക്കും. ടിക്കറ്റിംഗ് ഏരിയ,വെയിറ്റിംഗ് ലോഞ്ചുകള്‍,ഫുഡ് കോര്‍ട്ട്,കൊമേഴ്സ്യല്‍ ഏരിയ,ടി.ടി.ഇ റെസ്റ്റ് റൂം എന്നിവയുമുണ്ടാകും. മുകളിലത്തെ നിലകളില്‍ ഡോര്‍മെറ്ററിയുമൊരുക്കും.

നിലവിലെ പാര്‍ക്കിംഗ് ഏരിയയ്ക്ക് പകരം മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് ഏരിയയാണ് വിഭാവനം ചെയ്തിരിക്കുന്നത്. നൂറിലേറെ കാറുകളും മുന്നൂറോളം ടൂവീലറും പാര്‍ക്ക് ചെയ്യാനാകും.

മുന്‍വശത്ത് വിശാലമായ പൂന്തോട്ടവും വാട്ടര്‍ഫൗണ്ടനുമൊരുക്കും. സ്റ്റേഷന്‍ പരിസരത്തിന് എതിര്‍വശമുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്,റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓഫീസ് ഉള്‍പ്പെടെ പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങള്‍ പണിതേക്കും.

RELATED STORIES