ട്രെയിനിൽ ഗോവൻ മദ്യം കടത്തിക്കൊണ്ടുവന്ന കുട്ടനാട് സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

കുട്ടനാട് കണ്ടങ്കരി ഇരുപത്താറിൽച്ചിറ വീട്ടിൽ റോയ്സ്റ്റണാണ്(42) പിടിയിലായത്.

ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പക്ടർ എസ്. സതീഷും പാർട്ടിയും ചേർന്ന് ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ട്രെയിൻ മാർഗം ഗോവയിൽ നിന്നും വിൽപ്പനക്കായി കടത്തികൊണ്ട് വന്ന 24 കുപ്പി മദ്യവുമായി ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ബോട്ട് കാത്ത് നിൽക്കവേയാണ് ഇയാളെ പിടികൂടിയത്.

വർഷങ്ങളായി ചേർത്തല, ആലപ്പുഴ,അമ്പലപ്പുഴ കുട്ടനാട് ഭാഗങ്ങളിൽ ഇത്തരത്തിൽ മദ്യം കടത്തിക്കൊണ്ട് വന്ന് അതീവ രഹസ്യമായി വിൽപ്പന നടത്തി വന്നയാളാണ് പിടിയിലായതെന്നും ഈയിടെ വൈക്കം ഭാഗത്ത് കണ്ടെടുത്ത ഗോവൻ വ്യാജമദ്യക്കേസുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും എക്സൈസ് അധികൃതർ അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

RELATED STORIES