സംസ്ഥാനത്ത് അനധികൃത പടക്ക നിര്‍മാണം വ്യാപകം

ചൊവ്വാഴ്ച വെടിമരുന്ന് സ്‌ഫോടനം നടന്ന കൊച്ചി വരാപ്പുഴയിലെ വെടിമരുന്ന് നിര്‍മാണ സ്ഥാപനത്തിന് പടക്ക വില്‍പ്പനക്കല്ലാതെ പടക്ക നിര്‍മാണത്തിന് അനുമതിയുണ്ടായിരുന്നില്ലെന്നാണ് ജില്ലാ കലക്ടര്‍ രേണു രാജ് പറയുന്നത്.

ഒരു മാസം മുമ്പാണ് ചാലക്കുടി വെസ്റ്റ് കൊരട്ടിയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ടായിരത്തോളം ഗുണ്ടുകള്‍, 50,000 ഓലപ്പടക്കം, മാലപ്പടക്കം തുടങ്ങി നൂറ് കിലോയോളം വെടിമരുന്ന് ശേഖരം പോലീസ് കണ്ടെടുത്തതും വീട്ടുടമ ഉള്‍പ്പെടെ നാല് പേരെ പിടികൂടിയതും. സമീപത്തെ ക്രിസ്ത്യന്‍ പള്ളിയിലെ പെരുന്നാളിനായി നിര്‍മിച്ചതായിരുന്നു ഈ വെടിക്കോപ്പുകള്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ധാന്യങ്ങള്‍ പൊടിച്ചു കൊടുക്കുന്ന മില്ലിന്റെ മറവിലാണ് ഇവിടെ പടക്ക നിര്‍മാണം നടത്തിയിരുന്നത്. മില്ലില്‍ ധാന്യം പൊടിക്കുന്നെന്ന വ്യാജേനയാണ് പടക്ക നിര്‍മാണ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഈ സ്‌ഫോടനക്കേസില്‍ പിടികൂടിയ ആമ്പല്ലൂര്‍ പാര്‍പ്പാംകോട് പുരുഷോത്തമന്‍ മുന്‍ വര്‍ഷവും അനധികൃത പടക്ക നിര്‍മാണ കേസില്‍ പിടിയിലായിരുന്നു.

2020 മാര്‍ച്ചില്‍ സഫോടനം നടന്ന കുട്ടനാട് പുളിങ്കുന്നിലെ പടക്ക നിര്‍മാണ ശാലക്കും അനുമതിയുണ്ടായിരുന്നില്ല. അന്ന് സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പടക്ക വില്‍പ്പനക്കുള്ള ലൈസന്‍സിന്റെ മറവിലാണ് ഇവിടെയും നിര്‍മാണം നടത്തിയത്. 2019 ഡിസംബറില്‍ കൊല്ലം ചവറയിലെ അനധികൃത പടക്കനിര്‍മാണ ശാലയില്‍ നിന്ന് വന്‍ പടക്ക ശേഖരം പിടികൂടിയിരുന്നു. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചവറ കൊറ്റന്‍ കുളങ്ങരയിലെ ഒരു വീട്ടില്‍ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന നൂറ് കിലോയിലേറെ പടക്ക ശേഖരവും നിര്‍മാണ ഉപകരണങ്ങളും പിടികൂടിയത്. വീടുകള്‍ കേന്ദ്രീകരിച്ച് സാധാരണ കുടില്‍ വ്യവസായം പോലെയാണ് പലയിടങ്ങളിലും വെടിമരുന്ന് വസ്തുക്കളുടെ നിര്‍മാണം നടക്കുന്നത്. അതീവ കരുതലോടെയും സൂക്ഷ്മമായും വ്യക്തമായ സാങ്കേതിക പരിജ്ഞാനത്തോടെയും നിര്‍വഹിക്കേണ്ട ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ ബഹുഭൂരിഭാഗവും ഇക്കാര്യത്തില്‍ വേണ്ടത്ര സാങ്കേതിക പരിജ്ഞാനമില്ലാത്തവരാണ്.

ചിലയിടങ്ങളില്‍ കുട്ടികളും വീട്ടമ്മമാരും അടക്കമുള്ളവര്‍ ഒന്നിച്ച് തൊഴിലെടുക്കുന്നു. വെടിമരുന്നും മറ്റു രാസപദാര്‍ഥങ്ങളും കൈകാര്യം ചെയ്യുന്നവര്‍ക്ക് അതില്‍ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നതെന്ന അടിസ്ഥാന വിവരം വേണമെന്നാണ് ചട്ടം. സംസ്ഥാനത്ത് വെടിമരുന്ന് നിര്‍മാണ ജോലിയില്‍ ഏര്‍പ്പെടുന്നവരില്‍ എത്ര പേര്‍ക്കുണ്ട് ഇത്തരം പരിജ്ഞാനം?

പടക്ക വില്‍പ്പനക്കുള്ള അനുമതിയുടെ മറവില്‍ പടക്ക നിര്‍മാണം നടത്തുന്ന അനധികൃത സ്ഥാപനങ്ങള്‍ സംസ്ഥാനത്തുടനീളം പ്രത്യേകിച്ചും തെക്കന്‍ കേരളത്തില്‍ ധാരാളമുണ്ട്. സീസണുകളിലാണ് അനധികൃത നിര്‍മാണം കൂടുതലും നടക്കുന്നത്. കോടിക്കണക്കിനു രൂപയുടെ പടക്കങ്ങളാണ് പ്രതിവര്‍ഷം സംസ്ഥാനത്ത് നിര്‍മിക്കുന്നത്. പൂരങ്ങള്‍, ക്രിസ്ത്യന്‍ പെരുന്നാളുകള്‍, സ്വീകരണങ്ങള്‍, വിഷു-ഓണം ആഘോഷങ്ങള്‍ തുടങ്ങിയവയൊന്നും കരിമരുന്ന് പ്രയോഗങ്ങള്‍ ഇല്ലാതെ നടക്കാറില്ല. തൊഴില്‍രഹിതരും ചെറിയ തോതിലുള്ള വരുമാനം പ്രതീക്ഷിക്കുന്ന സ്ത്രീകളും കുട്ടികളുമാണ് നിര്‍മാണ ജോലിയില്‍ ഏര്‍പ്പെടുന്നവരില്‍ ഗണ്യഭാഗവും.

പാവപ്പെട്ടവരുടെ ദൈന്യത ചൂഷണം ചെയ്യുകയാണ് പടക്ക നിര്‍മാണ വ്യവസായികളും മാഫിയകളും. തൊഴിലാളികള്‍ക്ക് ഒരു സുക്ഷിതത്വവും ഉറപ്പ് വരുത്താറില്ല സ്ഥാപന ഉടമകള്‍.
ഏതാനും വര്‍ഷം മുമ്പ് സംസ്ഥാനത്ത് നടന്ന 140 ദുരന്തങ്ങളെക്കുറിച്ച് കൊച്ചിയിലെ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസ്സീവ് ഓഫീസ് ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരുമായ പി എ ഖാദര്‍, ഡി വിജയന്‍ തുടങ്ങിയവര്‍ പഠനം നടത്തിയിരുന്നു. 140 ഇടങ്ങളില്‍ ഒരിടത്ത് മാത്രമാണ് അനുവദിച്ച അളവില്‍ വെടിമരുന്നും മറ്റു രാസവസ്തുക്കളും ഉപയോഗിച്ചതെന്നാണ് ഇവര്‍ കണ്ടെത്തിയത്.

വെടിമരുന്ന് ജോലിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് മതിയായ അറിവോ പരിശീലനമോ ഉണ്ടായിരുന്നില്ലെന്നും പഠന സംഘത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു.ഒരു പടക്ക നിര്‍മാണ ശാലക്ക് ലൈസന്‍സ് നേടിയെടുക്കുക ശ്രമകരമാണ്. അതിന് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. പോലീസ്, ഫയര്‍ഫോഴ്‌സ്, തഹസില്‍ദാര്‍, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ വകുപ്പുകളുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറാണ് ലൈസന്‍സ് അനുവദിക്കുന്നത്. ജനസാന്ദ്രത കുറവുള്ള മേഖലയില്‍ ഉറപ്പുള്ള കെട്ടിടത്തില്‍ വേണം പടക്ക നിര്‍മാണ, വില്‍പ്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ജനവാസ കേന്ദ്രങ്ങള്‍, പൊതു ഇടങ്ങള്‍, കെട്ടിടങ്ങള്‍, പൊതു നിരത്തുകള്‍ എന്നിവക്കടുത്ത് പടക്ക നിര്‍മാണ ശാലയോ സംഭരണ ശാലകളോ സ്ഥാപിക്കരുതെന്ന് എക്്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളറുടെ 2009ലെ ഉത്തരവില്‍ പറയുന്നുണ്ട്. ലൈസന്‍സ് സമ്പാദിച്ച സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുമുണ്ട്. കഴിഞ്ഞ ദിവസം സ്‌ഫോടനം നടന്ന വരാപ്പുഴ പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത് ജനസാന്ദ്രതയേറിയ പ്രദേശത്താണ്. ഇവിടെ പടക്ക നിര്‍മാണ, സംഭരണ ശാലയുടെ സമീപത്തുള്ള മുപ്പതിലേറെ വീടുകളുടെ ഭിത്തികള്‍ക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ഒരാള്‍ മരണപ്പെടുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സംസ്ഥാനത്ത് പടക്ക, വെടിമരുന്ന് അപകടങ്ങള്‍ നടന്നാല്‍ പേരിനൊരു അന്വേഷണം നടക്കുന്നതൊഴിച്ചാല്‍ സമഗ്രമായ അന്വേഷണമോ നിയമ നടപടികളോ ഉണ്ടാകാറില്ല. 114 പേരുടെ മരണത്തിനിടയാക്കിയ, സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമായ പറവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോലും അട്ടിമറിയുണ്ടായെന്നാണ് റിപോര്‍ട്ട്. ഇതാണ് സംസ്ഥാനത്ത് വെടിമരുന്ന് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണവും.

RELATED STORIES