ഇന്ത്യയില്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും തങ്ങള്‍ ആവുന്നവിധം അതിനെ പ്രതിരോധിക്കുന്നുണ്ടെന്നും രാഹുല്‍ഗാന്ധി

സര്‍ക്കാര്‍ പെഗാസസിനെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കള്‍ക്ക് മേല്‍ വരെ ചാരപ്പണി നടത്തുകയാണെന്നും പറഞ്ഞു. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്‌കൂളില്‍ വിസിറ്റിംഗ് ഫെല്ലോയായി വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടന ആക്രമിക്കപ്പെടുന്നതിനും ബലംപ്രയോഗിച്ച് നിയന്ത്രിക്കുന്നതിനും എതിരേ അധികാരനിയുക്തമായ ചട്ടക്കൂട് വേണ്ടതുണ്ട്. ഇന്ത്യയിലെ ഒരു വലിയ വിഭാഗം രാഷ്ട്രീയക്കാരുടെ ഫോണിലും പെഗാസസ് ഉപയോഗിച്ചിട്ടുണ്ട്. തന്റെ ഫോണില്‍ വരെ പെഗാസസ് ഉപയോഗിക്കപ്പെടുന്നു. ഫോണില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധയോടെ വേണമെന്ന് തന്നോടും പറഞ്ഞിട്ടുണ്ടെന്ന് രാഹുല്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ എല്ലാം പിടിച്ചെടുക്കുകയാണ്. മാധ്യമങ്ങളെയും നീതിന്യായ വ്യവസ്ഥിതിയെയും നിയന്ത്രിക്കുകയാണ്. നിരീക്ഷണം, വിരട്ടല്‍, ദളിതക്കും ഗിരിവര്‍ഗ്ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേയുള്ള ആക്രമണങ്ങള്‍, എതിരാളികളോടുള്ള അടച്ചുപൂട്ടല്‍ എല്ലാം സര്‍ക്കാര്‍ ചെയ്യുകയാണെന്നും പറഞ്ഞു. 'ലേണിംഗ് ടു ലിസണ്‍ ഇന്‍ 21 സെഞ്ച്വറി' എന്ന വിഷയത്തിലായിരുന്നു രാഹുല്‍ വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തിയത്. യു.കെ. യില്‍ ഒരാഴ്ചത്തെ ടൂറിനാണ് രാഹുല്‍ എത്തിയിരിക്കുന്നത്. ഇതില്‍ പല വിഷയങ്ങളെക്കുറിച്ച് രാഹുല്‍ ക്ലാസ്സ് എടുക്കുന്നുണ്ട്.

RELATED STORIES