വലിയ ആരോഗ്യപ്രശ്‌നമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ അണയാത്ത വിഷപ്പുക ഉണ്ടാക്കുന്നതെന്ന് ആരോഗ്യ-പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

ഒരു ടണ്‍ പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ ശരാശരി 180 മൈക്രോ ഗ്രാം ഡയോക്‌സിന്‍ പുറത്തു വരുന്നുവെന്നാണ് കണക്ക്.

ഇതൊരു ചെറിയ അളവല്ലേയെന്നു സംശയം തോന്നാം. പക്ഷേ, എത്രയോ ചെറിയ അളവ് ഡയോക്‌സിനുപോലും അതീവഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ജീവനുതന്നെ ഭീഷണിയാണു ഡയോക്‌സിന്‍ എന്ന ഉഗ്രവിഷം, പരിസ്ഥിതി വിദഗ്ധനായ പ്രൊഫ. പ്രസാദ് പോള്‍ പറഞ്ഞു.

കാന്‍സര്‍ മുതല്‍ വന്ധ്യതവരെയുള്ള വിഷമതകള്‍ക്കു പിന്നിലെ വില്ലനാണ് ഈ മാരകവിഷം.ബ്രഹ്മപുരത്ത് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ തീപ്പിടിത്തമാണ് ഇപ്പോഴത്തേത്. അതുകൊണ്ട് തന്നെ അന്തരീക്ഷത്തിലേക്ക് പുറം തളളിയിരിക്കുന്ന പുക തീവ്ര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നതില്‍ സംശയം വേണ്ട. ഇപ്പോള്‍ത്തന്നെ വിഷപ്പുക ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങളുമായി നിരവധി ആളുകളാണ് ആശുപത്രികളില്‍ ഓരോ ദിവസവും എത്തുന്നത്.

എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജനങ്ങളെയാണ് ഇതു ബാധിക്കുക. ഒരുപക്ഷേ, ബ്രഹ്മപുരത്തെ ജനങ്ങളെക്കാള്‍ ഇതു ബാധിക്കുക കാറ്റിന്റെ പരിധിയില്‍ വരുന്ന പത്തോ പതിനഞ്ചോ കിലോ മീറ്റര്‍ അകലെയുള്ളവരെ ആയിരിക്കും. തീപ്പിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പുക നീങ്ങിയാലും പുറന്തള്ളപ്പെട്ട ഡയോക്‌സിനുകളും ഫ്യൂറാനുകളും അടക്കമുളള വിഷപദാര്‍ഥങ്ങള്‍ നശിക്കാതെ ഭൂമിയില്‍ അവശേഷിക്കും.

വിഷ വസ്തുക്കളില്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ വായുവിലൂടെ മനുഷ്യശരീരത്തിലെത്തൂ. ബാക്കി 90 ശതമാനം മണ്ണിലും വെളളത്തിലും അടിഞ്ഞു കൂടും. ഇത് വെളളത്തിലൂടെ മനുഷ്യ ശരീരത്തിലെത്തും. തുടര്‍ച്ചയായി ഏഴു ദിവസം വിഷപ്പുക ശ്വസിച്ചത് ബുദ്ധിമുട്ടുകള്‍ ഇരട്ടിയാക്കുമെന്നും ഇതിന്റെ പ്രത്യാഘാതം മെല്ലെയേ മനസിലാകൂ എന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ചുമ, മൂക്കിലും തൊണ്ടയിലും അസ്വസ്ഥത,
ശ്വാസതടസ്സം, തലവേദന, നെഞ്ചിന് ഭാരം തോന്നുക, കണ്ണ് എരിച്ചില്‍ എന്നീ അസ്വസ്ഥതകളാണ് ആളുകളില്‍ കണ്ടുവരുന്നത്. ഇതിനു പ്രതിവിധിയായി വീടുകളില്‍ കഴിയുമ്പോഴും മാസ്‌ക് ധരിക്കുക, വൈകുന്നേരങ്ങളില്‍ ജനലും വാതിലും അടച്ചിടുക, ആസ്ത്മ പോലുളള അസുഖങ്ങളുള്ളവര്‍ ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കുക,
പുക കൂടുതല്‍ ഉള്ള സമയത്ത് വെളിയില്‍ ഇറങ്ങാതിരിക്കുക, കണ്ണ് എരിച്ചില്‍ ഉണ്ടാകുകയാണെങ്കില്‍ ശുദ്ധജലത്തില്‍ കണ്ണും മുഖവും കഴുകുക എന്നീ പ്രതിവിധികളാണ് ചെയ്യാന്‍ സാധിക്കുന്നതെന്ന് എറണാകുളം സണ്‍റൈസ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റായ ഡോ. നീതു തമ്പി പറഞ്ഞു.

കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഹൃദ്രോഗികള്‍ക്കുമാണ് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും ഡോ. നീതു പറഞ്ഞു.

RELATED STORIES