നിയമ സഭയില്‍ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും സ്പീക്കര്‍ എ.എന്‍. ഷംസീര്‍

തിരുവനന്തപുരം: ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും പലരും നേരിയ മാര്‍ജിനില്‍ ജയിച്ചു കയറിയവരാണെന്ന കാര്യം മറക്കേണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഷാഫി പറമ്പില്‍ അടുത്ത തവണത്തെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും മുന്നറിയിപ്പു നല്‍കി. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ബാനറുമായി പ്രതിഷേധിച്ചപ്പോഴായിരുന്നു സ്പീക്കറുടെ വിമര്‍ശനവും പരിഹാസവും. ബാനര്‍ ഉയര്‍ത്തിയവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് സ്പീക്കര്‍ പറഞ്ഞു.


കൊച്ചി കോര്‍പ്പറേഷനിലെ വനിതാ കൗണ്‍സിലര്‍ക്കെതിരായ പൊലിസ് നടപടിയും യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരുന്നതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. എന്നാല്‍ അനുമതി നല്‍കില്ലെന്നും ആദ്യ സബ്മീഷന്‍ ആയി പരിഗണിക്കാമെന്നും സ്പീക്കര്‍ മറുപടി നല്‍കി.

മുതിര്‍ന്ന നേതാക്കളെ വരെ ക്രൂരമായി മര്‍ദ്ദിച്ചത് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. അനുമതിയില്ലെന്ന് സ്പീക്കര്‍ നിലപാടെടുത്തു. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് സതീശന്‍ കുറ്റപ്പെടുത്തിയതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ബഹളമായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനറുമായി പ്രതിഷേധിക്കുകയും ചെയ്തു.

അതിനിടെ എന്‍.ജയരാജിനെ സ്പീക്കര്‍ ശ്രദ്ധക്ഷണിക്കലിനായി ക്ഷണിച്ചു. പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തിയതിനാല്‍ സ്പീക്കറെ കാണാനാകുന്നില്ലെന്ന് ജയരാജ് പറഞ്ഞു. ഡയസിനു മുന്നില്‍ ബാനര്‍ ഉയര്‍ത്തിയതിനാല്‍ മുഖം കാണാനാകുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീക്കര്‍ പറഞ്ഞു.

‘ടി.ജെ.വിനോദ് എറണാകുളത്തെ ആളുകള്‍ ഇതെല്ലാം കാണുന്നുണ്ട്. മുഖം മറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിക്കരുത്. ജനങ്ങള്‍ കാണുന്നുണ്ട്. ആ ബോധ്യമുണ്ടായാല്‍ മതി. മഹേഷ്, കരുനാഗപ്പള്ളിയിലെ ജനങ്ങള്‍ കാണുന്നുണ്ട്. റോജി ഇത് അങ്കമാലിയിലെ ജനങ്ങള്‍ കാണുന്നുണ്ട്. അതേ എനിക്ക് പറയാനുള്ളൂ. ചെറിയ മാര്‍ജിനിലാണ് പലരും ജയിച്ചത്. ചാലക്കുടിയിലെ ജനങ്ങള്‍ ഇത് കാണുന്നുണ്ട്. 16ാം സഭയില്‍ വരേണ്ടതാണ്. വെറുതേ ഇമേജ് മോശമാക്കരുത്. എല്ലാവരും ചെറിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണ്. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. ഷാഫി, അടുത്ത തവണ തോല്‍ക്കും.അവിടെ തോല്‍ക്കും’... ഇങ്ങനെയാണ് സ്പീക്കർ പ്രതികരിച്ചത്.

RELATED STORIES