ഒരിക്കല്‍ ഉപേക്ഷിച്ച ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിച്ച യുവതിക്ക് കാമുകന്‍ നല്‍കിയത് പടുമരണം

ഒരിക്കല്‍ ഉപേക്ഷിച്ച ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിച്ച യുവതിക്ക് കാമുകന്‍ നല്‍കിയത് പടുമരണം: ഒപ്പം മകളുടെയും ജീവനെടുത്തു. ബിഹാര്‍ മധുബനി രതൗലി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. ഗ്രാമവാസികളായ മാലാദേവി (25), എട്ട് വയസുള്ള അരുഷി കുമാരി എന്നിവരുടെ മൃതദേഹങ്ങള്‍ തലയില്ലാത്ത നിലയില്‍ രതൗലിയിലെ നദിക്കരയില്‍ നിന്നാണ് കണ്ടെത്തിയത്. ബുധനാഴ്ച കണ്ടെത്തിയ മൃതദേഹങ്ങള്‍ മാലാദേവിയുടെ സഹോദരന്‍ കഴിഞ്ഞ ദിവസമാണ് വസ്ത്രങ്ങള്‍ കണ്ട് തിരിച്ചറിഞ്ഞത്. രണ്ട് മൃതദേഹങ്ങളുടെയും തല ഇതുവരെ കണ്ടെത്താനായിട്ടില്ല.


പുല്ല് വെട്ടാന്‍ പോയ സ്ത്രീയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഉടനെ ഇവരുടെ വീടിനടുത്ത് എത്തി ആളുകളെ വിളിച്ചുകൂട്ടി വിവരം കൈമാറി. ഗ്രാമവാസികളാണ് പൊലീസിനെ അറിയിച്ചത്. മാലാദേവിക്കൊപ്പം താമസിച്ചിരുന്ന യുവാവാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരെയും കൊലപ്പെടുത്തി നദിക്കരയില്‍ ഉപേക്ഷിച്ച് ഇയാള്‍ മുങ്ങിയതാണെന്ന് മാലാദേവിയുടെ കുടുംബം ആരോപിക്കുകയും ചെയ്തു. യുവാവുമായി ഇടക്കാലത്ത് മാലാദേവി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാരും വെളിപ്പെടുത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി മുന്‍ ഭര്‍ത്താവിനെ കുറച്ചുദിവസം മുമ്പ് പുനര്‍വിവാഹം ചെയ്തതായി മനസിലാക്കിയത്. ഇതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. മൃതദേഹങ്ങളുടെ തലകള്‍ക്കായും പ്രതിക്കുവേണ്ടിയും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുമുണ്ട്.

RELATED STORIES