പാലക്കാട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചു കൊന്നു

പാലക്കാട്: കല്ലടിക്കോട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചു കൊന്നു: കേരള കോണ്‍ഗ്രസ് നേതാവും റിസോര്‍ട്ട് ഉടമകളും പിടിയില്‍. ഇന്നലെ അര്‍ധരാത്രിയോടെ മാലക്കല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വനത്തിനകത്ത് വെടി ശബ്ദം കേട്ട് നടത്തിയ തെരച്ചിലിലാണ് മ്ലാവിനെ കണ്ടെത്തിയത്. രണ്ട് പേരെ സംഭവ സ്ഥലത്ത് വച്ച് പിടികൂടി. ബിജു ആക്കാമറ്റം, സന്തോഷ് കാഞ്ഞിരംപാറ എന്നിവരെയാണ് പിടികൂടിയത്. ബിനു കല്ലടിക്കോട്, ബോണി, തങ്കച്ചൻ എന്ന കുര്യാക്കോസ് എന്നിവര്‍ സംഭവ സ്ഥലത്ത് നിന്ന് വാഹനത്തില്‍ രക്ഷപ്പെട്ട് പോയി.


പ്രതികള്‍ റിസോര്‍ട്ട് നടത്തുന്ന ആളുകളും സജീവ രാഷ്ട്രീയ പ്രവര്‍ത്തകരുമാണെന്നാണ് റിപ്പോര്‍ട്ട്. മലയോര മേഖലയിലെ വന്യജീവി ശല്യത്തേക്കുറിച്ച് നിരന്തര പ്രതിഷേധങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് പ്രതികളെന്നും വനംവകുപ്പ് വിശദമാക്കി. പിടിയിലായ സന്തോഷ് മേഖലയിലെ കേരള കോണ്‍ഗ്രസ് ജില്ലാ നേതാവ് കൂടിയാണ്.

മലയടിവാരത്താണ് മ്ലാവിനെ കണ്ടെത്തിയത്. 300 കിലോ ഭാരമുള്ള മ്ലാവാണ് വെടിയേറ്റ് ചത്തത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.

RELATED STORIES