യുവാവ് കൊച്ചിയിൽ മയക്കുമരുന്നുമായി അറസ്റ്റിലായി

പത്തനംതിട്ട: തിരുവല്ല വെൺപാല സ്വദേശി

ഗോവയിൽ നിന്ന് കടൽ മത്സ്യങ്ങൾ സംസ്‌കരിച്ച് കയറ്റുമതി ചെയ്തിരുന്ന യുവാവ് കൊച്ചിയിൽ മയക്കുമരുന്നുമായി അറസ്റ്റിലായി. തിരുവല്ല വെൺപാല സ്വദേശി പുഞ്ചിരി എന്ന് വിളിക്കുന്ന ആഷിക് ആണ് എറണാകുളം എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്‌പെഷ്യൽ ആക്ഷൻ ടീമിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് ആറ് ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.

ഇയാളുടെ ആഡംബര കാറും, രണ്ട് ഐഫോണുകളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. മത്സ്യ സംസ്‌കരണം നടത്തി കയറ്റുമതി ചെയ്യുന്നതിന്റെ മറവിൽ ഗോവയിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ചു ആഢംബര കാറിൽ കറങ്ങി നടന്ന് ഇത് എറണാകുളം ടൗൺ പരിസരങ്ങളിൽ ഇയാൾ വിറ്റഴിക്കാറുണ്ടായിരുന്നു. ഹോസ്റ്റലുകളിൽ സ്ഥിര താമസമാക്കിയിരുന്ന യുവതിയുവാക്കളെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ലഹരി വിൽപ്പന നടത്തിയിരുന്നത്.

ആഷിക്കിനെക്കുറിച്ച് ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണർ ബി ടെനിമോന്റെ മേൽ നോട്ടത്തിലുള്ള സ്‌പെഷ്യൽ ആക്ഷൻ ടീം ഇയാളെ കുറച്ചു ദിവസങ്ങളായി ഫോളോ ചെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് ആഡംബര കാറിൽ ഇയാൾ ഇടപ്പള്ളി ഭാഗത്തേക്ക് വരുന്നുണ്ട് എന്ന് മനസ്സിലാക്കിയ എക്‌സൈസ് സംഘം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം വച്ചാണ് ആഷിക്കിനെ പിടികൂടിയത്. പിടിയിലാകുമ്പോൾ ലഹരിയിലായിരുന്ന ഇയാൾക്ക് ആവശ്യമായ വൈദ്യ സഹായം ലഭ്യമാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

ഇയാളുടെ കെണിയിൽ അകപ്പെട്ട യുവതി യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള എക്‌സൈസിന്റെ സൗജന്യ ലഹരി മുക്ത കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

RELATED STORIES