വിവാഹ സമ്മാനമായ ഹോം തിയറ്റർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു

ഛത്തിസ്ഗഢിലെ കബീർധാം ജില്ലയിൽ ആണ് അതിദാരുണമായ സംഭവം. നവവരനും ജ്യേഷ്ഠനുമാണ് മരിച്ചത്. സ്ഫോടനത്തിൽ കുടുംബത്തിലെ ഒന്നര വയസ്സുള്ള കുട്ടിയടക്കം 4 പേർക്ക് പരിക്കേറ്റു. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


രംഗഖർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഹോം തിയേറ്റർ സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയും മേൽക്കൂരയും പൂർണമായി തകർന്നു. മരിച്ച ഹേമേന്ദ്ര മെരാവി(22) ഏപ്രിൽ ഒന്നിനാണ് വിവാഹിതനായത്.

തിങ്കളാഴ്ച ഹേമേന്ദ്ര തന്റെ കുടുംബാംഗങ്ങൾക്കൊപ്പം വീടിന്റെ മുറിക്കുള്ളിൽ വിവാഹ സമ്മാനങ്ങൾ അഴിക്കുകയായിരുന്നുവെന്ന് കബീർധാം അഡീഷണൽ പൊലീസ് സൂപ്രണ്ട് മനീഷ താക്കൂർ പറഞ്ഞു. ഇതിനിടെ സമ്മാനമായി ലഭിച്ച ഹോം തിയേറ്റർ ഓൺ ചെയ്തതതും വൻ സ്‌ഫോടനമുണ്ടായി. മെരാവി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചികിത്സയിലിരിക്കെ ഇയാളുടെ സഹോദരൻ രാജ്കുമാറും (30) മരിച്ചു. പരിക്കേറ്റവർ കവരദയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ഫോറൻസിക് വിദഗ്ധരും പൊലീസ് സംഘവും സ്ഥലത്തെത്തി. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

RELATED STORIES