മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശത്തിൽ പ്രതികരിച്ച് കോൺഗ്രസ് എകെ ആന്റണി

അനിലിന്റെ തീരുമാനം ഏറെ വേദനിപ്പിച്ചെന്നും അവസാന ശ്വാസം വരെയും താൻ ബിജെപിക്കെതിരെ ശബ്ദമുയർത്തുമെന്നും എകെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.


'
ബിജെപിയിൽ ചേരാനുള്ള അനിലിന്റെ തീരുമാനം വളരെ വേദനയുണ്ടാക്കി. തികച്ചും തെറ്റായ തീരുമാനമായിപ്പോയി. ഇന്ത്യ രാജ്യത്തിന്റെ ഐക്യം അല്ലെങ്കിൽ ആണിക്കല്ല് എന്ന് പറയുന്നത് ബഹുസ്വരതയും മതേതരത്വവുമാണ്. 2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരിമേറ്റതിന് ശേഷം നമ്മുടെ അടിസ്ഥാന നയങ്ങളെ ദുർബലപ്പെടുത്താനുള്ള തുടർച്ചയായ ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.

ഒന്നാം മോദി സർക്കാരിന്റെ കാലത്ത് അൽപം സാവകാശത്തിലാണ് കാര്യങ്ങൾ നടന്നതെങ്കിൽ 2019 ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാജ്യത്തെ ബഹുസ്വരതയ്ക്കും മതേതരത്വത്തിനും പകരം ഏകത്വത്തിലേക്ക് കാര്യങ്ങൾ നീക്കി കൊണ്ട് പോകുകയാണ്. എല്ലാ രംഗത്തും ഏകത്വം അടിച്ചേൽപ്പിക്കാനുള്ള തുടർച്ചയായ ശ്രമമാണ് നടത്തുന്നത്. രാജ്യത്തിന്റെ ഐക്യം ദുർബലമാകുകയാണ്. മതസൗഹാർദ്ദം കൂടുതൽ കൂടുതൽ ശിഥിലമാകുന്നു ആന്റണി പറഞ്ഞു.

എന്നെ സംബന്ധിച്ചെടുത്തോളം ബിജെപിയുടേയും ആർഎസ്എസിന്റേയും തെറ്റായ നീക്കത്തിനെതിരെ അവസാന ശ്വാസം വരേയും ശബ്ദമുയർത്തും അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. സ്വാതന്ത്ര്യ സമര കാലം മുതൽ ജാതിയോ മതമോ ഭാഷയോ പ്രദേശമോ വർണമോ വർഗമോ നോക്കാതെ ഇന്ത്യക്കാരെ ഒരുപോലെ കണ്ട കുടുംബമാണ് നെഹ്റു കുടുംബം. ഇന്നും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി വേട്ടയാടലുകൾക്കിടയിലും വിട്ടുവീഴ്ചയില്ലാതെ നിർഭയത്തോടെ പോരാടുന്നവരാണ് ആ കുടുംബാംഗങ്ങൾ.

ഒരു കാലഘട്ടത്തിൽ എന്നോടൊപ്പം വളർന്ന തലമുറയെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ഇന്ദിരാഗാന്ധിയുമായി അകന്ന് പോയെങ്കിലും അവരുടെ നേതൃത്വം അംഗീകരിച്ച് കൊണ്ട് ആ കുടംബത്തിലേക്ക് തിരിച്ച് വന്ന ശേഷം ഇന്ദിാരാഗാന്ധിയോടും ആ കുടുംബത്തോടും മുൻപുണ്ടായിരുന്നതിനെക്കാൾ കൂടുതൽ ആദരവും ബഹുമാനവും സ്നേഹവും ഉണ്ടായിട്ടുണ്ട്.

എന്റെ കൂറ് എല്ലാ കാലത്തും നെഹ്റു കുടുംബത്തോടൊപ്പമായിരിക്കും. എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മാത്രമല്ല എന്റെ ജീവിതത്തിന്റെ തന്നെ അവസാന നാളുകളിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്. വയസ് 82 ആയി. എത്രകാലം ജീവിക്കുമെന്ന് അറിയില്ല. ദീർഘായുസ് എനിക്ക് താത്പര്യവുമില്ല. എത്രകാലം ജീവിച്ചാലും ഞാൻ മരിക്കുന്നത് കോൺഗ്രസ് പ്രവർത്തകനായിട്ടായിരിക്കും. അനിലുമായി ബന്ധപ്പെട്ട ഒരു ചർച്ചയ്ക്കും ഞാൻ ഇനി തയ്യാറല്ല. വിഷയത്തിൽ തന്റെ ആദ്യത്തേയും അവസാനത്തേയും പ്രതികരണമാണ് ആന്റണി പറഞ്ഞു.

RELATED STORIES