മൂന്നര വര്‍ഷം മുന്‍പ് ദുബൈ റാഷിദിയയിലുണ്ടായ ബസ്സപകടത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ യുവാവിന് അഞ്ച് മില്യണ്‍ ദിര്‍ഹം

മൂന്നര വര്‍ഷം മുന്‍പ് ദുബൈ റാഷിദിയയിലുണ്ടായ ബസ്സപകടത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ യുവാവിന് അഞ്ച് മില്യണ്‍ ദിര്‍ഹം (ഏകദേശം പതിനൊന്നര കോടി രൂപ) നഷ്ടപരിഹാരം ലഭിച്ചു. റാസല്‍ഖൈമയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ഹൈദരാബാദ് സ്വദേശി മുഹമ്മദ് ബെയ്ഗ് മിര്‍സക്കാണ് ദുബായ് കോടതി, കോടതി ചെലവടക്കമുള്ള ഈ തുക നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചത്. ഒമാനില്‍ നിന്നും ദുബായ് റാഷിദിയയിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. 2019 ജൂണിലായിരുന്നു സംഭവം. അപകടത്തില്‍ മുഹമ്മദ് ബെയ്ഗ് മിര്‍സക്ക് സാരമായി പരിക്കേറ്റു. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍ ഗള്‍ഫ് അഡ്വക്കേറ്റ്‌സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഈസാ അനീസ്, അഡ്വ. യു.സി അബ്ദുല്ല, അഡ്വ. മുഹമ്മദ് ഫാസില്‍ എന്നിവരാണ് മുഹമ്മദ് ബെയ്ഗ് മിര്‍സക്ക് വേണ്ടി കേസ് ഏറ്റെടുത്ത് നടത്തിയത്.


പെരുന്നാള്‍ ആഘോഷത്തിനിടെ നിനച്ചിരിക്കാതെ വന്നെത്തിയ വാഹനാപകടം യുഎഇയിലെ വലിയ അപകടങ്ങളിലൊന്നായിരുന്നു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്നും റാഷിദിയ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന എന്‍ട്രി പോയിന്റിലേക്ക് വഴിമാറി അശ്രദ്ധമായി പ്രവേശിച്ച് ഹൈബാറില്‍ ബസ്സിടിച്ചാണ് അപകട ദുരന്തമുണ്ടായത്. അപകടത്തില്‍ ബസ്സിന്റെ ഇടത് മുകള്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. 12 ഇന്ത്യക്കാരടക്കം 17 പേരാണ് അപകടത്തില്‍ മരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 31 യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. നഷ്ടപരിഹാരത്തുകക്ക് അര്‍ഹനായ മുഹമ്മദ് ബെയ്ഗ് മിര്‍സക്ക് അപകടം നടക്കുമ്പോള്‍ 20 വയസ്സായിരുന്നുവെന്ന് മാതാപിതാക്കളായ മിര്‍സ ഖദീര്‍ ബെയ്ഗ്, സമീറ നസീര്‍ എന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പെരുന്നാളിന് ഉമ്മയുടെ ബന്ധുക്കളോടൊപ്പം ചെലവഴിക്കാന്‍ മസ്‌കത്തിലേക്ക് പോയി മടങ്ങി വരവേയാണ് അപകടത്തില്‍പ്പെട്ടത്. 2019 ജൂണ്‍ 6ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്‌ളോമയുടെ അവസാന വര്‍ഷ ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷയ്ക്ക് തയാറെടുക്കാന്‍ ദുബായിലേക്ക് മടങ്ങുകയായിരുന്നു. ജൂണ്‍ 9 മുതലാണ് പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍, അപകടത്തെ തുടര്‍ന്ന് യുവാവിന്റെ പഠനം നിലയ്ക്കുക മാത്രമല്ല, സ്വാഭാവിക ജീവിതം തന്നെ താറുമാറായി.

RELATED STORIES