നിരവധി പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയ അശ്വതി അച്ചുവിനെതിരെ പരാതി

നിരവധി പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയ അശ്വതി അച്ചു തിരുവനന്തപുരം പൂവാറിൽ വിവാഹവാഗ്ദാനം നൽകി 40000 രൂപ തട്ടിയെന്ന് പരാതി. ഭിന്നശേഷിക്കാരനായ കുട്ടിയുടെ പിതാവിന് വിവാഹം വാഗ്ദാനം നൽകി 40000 രൂപ തട്ടിയതായാണ് അശ്വതിക്കെതിരായ പുതിയ കേസ്. പൂവാറിലാണ് സംഭവം. യുവാവ് നൽകിയ പരാതിയെ തുടർന്ന് പൂവാർ പോലീസ് യുവതിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി എടുത്തു.


മൊഴി വിശദമായി പരിശോധിച്ചശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നിരവധി പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയതിന് യുവതിക്കെതിരെ 2021 സെപ്റ്റംബറിൽ കേസെടുത്തിരുന്നു. ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന ആരോപണമാണ് അന്ന് ഇവർ നേരിട്ടത്. കേരള പൊലീസിനാകെ നാണക്കേടായി മാറിയ ഹണി ട്രാപ്പായിരുന്നു ഇത്. എസ് ഐ മുതല്‍ ഐ പി എസ് ഉദ്യോഗസ്ഥരെ വരെയുള്ളവരെ യുവതി ഹണിട്രാപ്പിൽപ്പെടുത്തിയെന്നാണ് ആരോപണം ഉയർന്നത്.

കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐയുടെ പരാതിയിലാണ് അഞ്ചല്‍ സ്വദേശിനിയായ യുവതിക്കെതിരെ ആദ്യം കേസ് എടുത്തത്. നെയ്യാറ്റിൻകര ഡിവൈ എസ് പിയാണ് ഈ കേസ് അന്വേഷിച്ചത്. ഒട്ടേറെ പൊലീസുകാര്‍ ഇരകളായതായും യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായും സൂചനയുണ്ട്. കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം.

പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി. പല പൊലീസുകാര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായെങ്കിലും നാണക്കേട് കാരണം ആരും പുറത്തുപറയാൻ തയ്യാറായില്ല. ഇതുകൂടാതെ യുവതിയുടെ ബ്ലാക്ക്മെയിലിംഗിനെ തുടർന്ന് നിരവധി പൊലീസുകാരുടെ കുടുംബം തകർന്നതായും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു.

RELATED STORIES