മാമ്പഴം ഇ.എം.ഐയില്‍ ലഭ്യമാകുന്നു

ടി.വിയും ഫ്രിഡ്ജും ഫോണുമെല്ലാം തവണ വ്യവസ്ഥയില്‍ വാങ്ങുന്നത് സാധാരണമാണ്. എന്നാല്‍ മാമ്പഴം ഇ.എം.ഐയില്‍ ലഭ്യമായാലോ അങ്ങനെയും ലഭിച്ചു തുടങ്ങി.  മാമ്പഴക്കാലമാണ്. മാത്രമല്ല, ചൂടുകാലവും പഴവര്‍ഗങ്ങള്‍ക്കെല്ലാം വലിയ വിലയാണ്. ഇതിനൊരു പരിഹാരമെന്നോണമാണ് പൂനെയിലെ ഒരു വ്യാപാരി ഇത്തരമൊരു കാര്യം അവതരിപ്പിച്ചിരിക്കുന്നത്.


പൂനെ സിംഹഗഡ് റോഡ് ഏരിയയിലെ ഗൗരവ് സനാസ് എന്ന വ്യാപാരിയാണ് വേറിട്ട കച്ചവട തന്ത്രവുമായി എത്തിയിരിക്കുന്നത്. ഗുരുകൃപ ട്രേഡേഴ്‌സ് ആന്‍ഡ് ഫ്രൂട്ട് പൊഡക്ട് എന്ന സ്ഥാപനം നടത്തി വരിയകയാണ് ഗൗരവ്. മാമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന അല്‍ഫോണ്‍സാ മാമ്പഴങ്ങളാണ് ഇവിടെ ഇദ്ദേഹം ഇ.എം.ഐയില്‍ വില്‍ക്കുന്നത്.

ദേവഗഡ്, രത്‌നഗിരി എന്നിവിടങ്ങളില്‍ നിന്നുള്ള അല്‍ഫോന്‍സാ മാമ്പഴം ചില്ലറ വില്‍പ്പനയില്‍ ഡസന് 800 രൂപ മുതല്‍ 1300 രൂപ വരെയാണ് വില്‍ക്കുന്നത്. സാമ്പത്തികബുദ്ധിമുട്ട് മൂലം അല്‍ഫോണ്‍സാ മാമ്പഴം വാങ്ങിക്കാന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്ന് ഗൗരവ് പറയുന്നു.

റഫ്രിജറേറ്ററുകളും എയര്‍കണ്ടീഷണറുകളും തവണകളായി വാങ്ങാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് മാമ്പഴം ഇത്തരത്തില്‍ വാങ്ങിച്ചുകൂടാ എന്നാണ് ഗൗരവ് ചോദിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ഇത്തരത്തില്‍ ഇഎംഐ വ്യവസ്ഥയില്‍ ഒരാള്‍ മാമ്പഴം വില്‍ക്കുന്നത് എന്നാണ് തന്റെ പുതിയ ബിസിനസ് ഉദ്യമത്തെക്കുറിച്ച് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഗൗരവ് അവകാശപ്പെട്ടത്.

സാധാരണക്കാരന് വാങ്ങിക്കാന്‍ കഴിയുന്നതിലും വലിയ വിലയോടെയാണ് ഈ സീസണില്‍ മാമ്പഴം, വിപണിയില്‍ എത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ആശയം താന്‍ മുന്നോട്ടുവച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്. ഇ.എം.ഐ ആയി മാമ്പഴം വാങ്ങുന്നവര്ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് മാമ്പഴം വാങ്ങാവുന്നതാണ്.

RELATED STORIES