കുവൈത്തില്‍ നിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 9000 പ്രവാസികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്

നാടുകടത്തിയവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 2023 ന്റെ ആദ്യപാദങ്ങളില്‍ പ്രതിദിനം ശരാശരി 100 പ്രവാസികള്‍ വീതമാണ് നാടുകടത്തപ്പെട്ടതെന്ന് കുവൈറ്റ് സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. 2023 ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണിത്.


ക്രിമിനല്‍ കേസുകളിലും മറ്റ് ക്രമക്കേടുകളിലും ഉള്‍പ്പെട്ടതിനെതുടര്‍ന്നാണ് നാടുകടത്തല്‍. നാടുകടത്തപ്പെട്ടവരില്‍ ഏകദേശം 4000 ത്തോളം സ്ത്രീകളാണ്.

സ്ത്രീകളടക്കം 700 പേര്‍ നാടുകടത്തല്‍ പ്രക്രിയയ്ക്കായി ജയിലില്‍ കഴിയുന്നുണ്ട്. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്താനാണ് അധികൃതരുടെ ശ്രമം.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാടുകടത്തപ്പെട്ട പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരപ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ കര്‍ശന നിര്‍ദ്ദേശങ്ങളാണ് ദ്രുതഗതിയിലുള്ള നാടുകടത്തലിന് കാരണം.

RELATED STORIES