പ്രസവ ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ കോട്ടണ്‍ തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങയതായി പരാതി

ഈ അനാസ്ഥക്കിരയായത് നെയ്യാറ്റിന്‍കര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ്.യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പ്രസവശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സുജാ അഗസ്റ്റിന്റെ പേരില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.


യുവതിയുടെ ഗര്‍ഭപാത്രത്തില്‍ തുണികുടുങ്ങിയത് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയക്കിടയിലാണ്. എട്ടുമാസത്തോളം നീണ്ട ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് ഗര്‍ഭപാത്രത്തില്‍ തുണി കുടുങ്ങിയ കാര്യം യുവതിയും കുടുംബവും അറിയുന്നത്. പ്രസവശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ കഴിഞ്ഞ വര്‍ഷം ജൂലായ് 26നാണ് പുറത്തെടുത്തത്. ശസ്ത്രക്രിയാ സമയത്ത് ഉപയോഗിക്കുന്ന തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയതറിയാതെ ശരീരം തുന്നിച്ചേര്‍ക്കുകയായിരുന്നു.

എന്നാല്‍ വീട്ടിലെത്തിയ ഇവര്‍ സ്ഥിരമായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടറിനെ കാണിക്കുകയായിരുന്നു. എന്നാല്‍ ഗര്‍ഭപാത്രം ചുരുങ്ങാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നതെന്നും മരുന്നുകള്‍ കഴിച്ചാല്‍ ശരിയാകുമെന്നുമായിരുന്നു മറുപടി. അതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ് ടി ആശുപത്രിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലാണ് ഗര്‍ഭപാത്രത്തില്‍ തുണി കണ്ടെത്തിയത്. ശസ്ത്രക്രിയയും 20 ദിവസത്തെ ആശുപത്രിവാസവും കഴിഞ്ഞാണ് യുവതിയെ ഡിസ്ചാര്‍ജ് ചെയ്തത്.

RELATED STORIES