സംസ്ഥാനത്തെ പകുതിയോളം സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടൽ ഭീഷണിയിൽ

ഈ സാമ്പത്തിക വര്‍ഷം മുതല്‍ സ്വകാര്യ സ്‌കൂളുകളില്‍നിന്നു കെട്ടിട നികുതി വാങ്ങാനുള്ള തീരുമാനം സര്‍ക്കാര്‍ കര്‍ക്കശമാക്കിയതോടെ സംസ്ഥാനത്തെ പകുതിയോളം സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടൽ ഭീഷണിയിൽ. കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ച വര്‍ഷം മുതലുള്ള നികുതി, പലിശ അടക്കം വാങ്ങാനാണു സര്‍ക്കാര്‍ തീരുമാനം. കെട്ടിട നികുതി അടയ്ക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നെങ്കിലും ചില സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളും സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനും ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ ഉത്തരവ് വാങ്ങിയിരുന്നു.

സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ എന്ന കാരണത്താലാണു സ്വകാര്യ സ്‌കൂളുകളില്‍നിന്നു കെട്ടിട നികുതി ചുമത്താനുള്ള നീക്കത്തിനെതിരേ െഹെക്കോടതി മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ കേരള പഞ്ചായത്ത് രാജ്, മുന്‍സിപ്പാലിറ്റി നിയമഭേദഗതിയില്‍ നികുതി നിര്‍ദേശം ഉള്‍പ്പെടുത്തിയതോടെ സ്വകാര്യ സ്‌കൂളുകള്‍ കെട്ടിട നികുതി അടയ്ക്കണമെന്നതു നിയമമായി മാറി.

ഈ സാഹചര്യത്തില്‍ െഹെക്കോടതിയില്‍നിന്നുള്ള സ്‌റ്റേ ഉത്തരവ് നിലനില്‍ക്കില്ല. സി.ബി.എസ്.ഇയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന 1,237 സ്വകാര്യ സ്‌കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമേ സംസ്ഥാന സിലബസ് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന മൂവായിരത്തോളം സ്വകാര്യ സ്‌കൂളുകളും ഐ.സി.എസ്.ഇ. സിലബസില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം സ്‌കൂളുകളുമുണ്ട്. ഇത്രയും സ്‌കൂളുകള്‍ക്കാണു നികുതി അടയ്ക്കാന്‍ നോട്ടീസ് കിട്ടിത്തുടങ്ങിയത്.


സ്‌കൂളുകളുടെ വലുപ്പം അനുസരിച്ച് ഓരോ സ്‌കൂളും കുടിശികയും പലിശയുമുള്‍പ്പടെ രണ്ടു ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ ശരാശരി കെട്ടിട നികുതിയായി അടയ്‌ക്കേണ്ടി വരും.

ഇത്രയും തുക അടയ്ക്കാന്‍ പല സ്‌കൂളുകള്‍ക്കും നിലവിലുള്ള സാഹചര്യത്തില്‍ കഴിയില്ല. കെട്ടിട നികുതി അടയ്ക്കാതെ അടുത്ത അധ്യയനവര്‍ഷം പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ പല സ്‌കൂളുകളും അടച്ചുപൂട്ടേണ്ടി വരും.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണു സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍. സംസ്ഥാനത്തെ ബാറുകള്‍ക്ക് ചുമത്തുന്ന താരിഫിലാണു സ്‌കൂളുകള്‍ക്കുള്ള െവെദ്യുതി ചാര്‍ജ് ഈടാക്കുന്നതെന്നും ഇത്തരത്തിലാണ് സ്വകാര്യ സ്‌കൂളുകളോടുള്ള സര്‍ക്കാര്‍ സമീപനമെന്നുമാണ് മാനേജ്‌മെന്റുകള്‍ ആരോപിക്കുന്നത്.

RELATED STORIES