രാഷ്ട്ര പുനർ നിർമാണത്തിൽ ക്രൈസ്തവ പങ്കാളിത്തം മഹത്തരം : ജോൺ ബർള

തിരുവല്ല: രാഷ്ട്ര പുനർ നിർമാണത്തിൽ ക്രൈസ്തവ പങ്കാളിത്തം മഹത്തരം ആണെന്നും സ്വാതന്ത്ര്യത്തിന് മുൻപും സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും സ്വതന്ത്ര ഭാരതത്തിലും ക്രൈസ്തവ സമൂഹം വഹിച്ച പങ്ക് നിസ്തുലമാണ് എന്നും കേന്ദ്ര മന്ത്രി ജോൺ ബർള പ്രസ്താവിച്ചു.

കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിൽ
'രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ ക്രൈസ്തവ പങ്കാളിത്തം' എന്ന വിഷയത്തില്‍ തിരുവല്ല തോട്ടഭാഗം സെന്റ് മേരീസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിൽ നടന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സ്ഥാപനങ്ങളിൽ പഠിക്കുന്നവരിലും ജോലി ചെയ്യുന്നവരിലും ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ നേടുന്നവരിലും ബഹു ഭൂരിപക്ഷവും ക്രൈസ്തവ വിഭാഗത്തിന് പുറത്തുള്ളവർ ആണെന്നും ഈ സേവനങ്ങൾ മറക്കുവാൻ രാഷ്ട്രത്തിന് കഴിയുകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.സി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മാര്‍ അത്തനേഷ്യസ് യൂഹാന്‍ പ്രഥമന്‍ മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, അലക്‌സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പൻ, കെ.സി.സി. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ബിലീവേഴ്‌സ് മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. സിജോ പന്തപ്പള്ളിൽ, ലിനോജ് ചാക്കോ, ജോജി പി. തോമസ്, ബെൻസി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. മോഹന്‍ വര്‍ഗീസ് വിഷയാവതരണം നടത്തി. ദേശീയ വൈ എം സി എ ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട റജി ജോർജിനെ ചടങ്ങിൽ ആദരിച്ചു.

RELATED STORIES