വിമാനത്തിനുള്ളില്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി വിവാദത്തില്‍

ന്യുയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന യാത്രക്കാരനാണ് സഹയാത്രികനുമായുണ്ടായ തര്‍ക്കത്തിനിടെ മൂത്രമൊഴിച്ചത്. വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയതിനു പിന്നാലെ ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.


വിമാനത്തില്‍ നിന്ന് അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് അധികൃതര്‍ ജാഗ്രത പാലിച്ചിരുന്നു. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ തുടര്‍ അന്വേഷണവും പ്രഖ്യാപിക്കും.

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 292 വിമാനത്തിലാണ് സംഭവമുണ്ടായത്. 'വിമാനത്തിനുള്ളില്‍ ചില പ്രശ്‌നങ്ങളുണ്ടായി' എന്ന് കമ്പനി വ്യക്തമാക്കി. ജോണ്‍ എഫ്.കെന്നഡി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിലേക്ക് വന്നതായിരുന്നു വിമാനം. ഇന്നലെ രാത്രി ഒമ്പത് മണിക്ക് വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയയുടന്‍ അതിക്രമം നടത്തിയ യാത്രക്കാരനെ അറസ്റ്റു ചെയ്യുകയായിരുന്നു.

അതിക്രമം നേരിട്ട യാത്രക്കാരനും എയര്‍ലൈന്‍സിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് എയര്‍പോര്‍ട്ട് ഡിഎസ്പി ദവേഷ് കുമാര്‍ മഹ്ല പറയുന്നത്.

വിമാനത്തില്‍ ലഭിക്കുന്ന മദ്യം അമിതമായി ഉപയോഗിച്ച് ലക്ക്‌കെടുന്ന യാത്രക്കാര്‍ ഇത്തരത്തില്‍ അതിക്രമം നടത്തുന്നത് പതിവായിരിക്കുകയാണ്. ഏതാനും മാസം മുന്‍പ് ന്യുയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഒരു യാത്രക്കാരന്‍ വൃദ്ധയായ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് വിവാദമായിരുന്നു.

രണ്ട് മാസത്തിനുള്ളില്‍ രണ്ടാമത്തെ സംഭവമാണ് അമേരിക്കന്‍ എയര്‍ലൈന്‍സില്‍ നടക്കുന്നത്. മാര്‍ച്ചില്‍ സഹ യാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച യു.എസ് യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യ വിദ്യാര്‍ത്ഥി ആര്യ വോറയ്ക്ക് കമ്പനി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഡിസംബറില്‍ പാരിസില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികന്റെ സീറ്റില്‍ മൂത്രമൊഴിച്ച സംഭവവുമുണ്ടായിരുന്നു.

RELATED STORIES