ബീജ ദാനത്തെ കുറിച്ചുള്ള വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്

 ബീജ ദാനത്തിലൂടെ കുഞ്ഞുങ്ങൾ പിറക്കുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല എന്നാൽ ബീജ ദാനത്തെ കുറിച്ചുള്ള വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ബീജദാനത്തിലൂടെ 550 ലേറെ കുഞ്ഞുങ്ങളുടെ പിതാവായ വ്യക്തിയോട് ബീജദാനം നിർത്താനാവശ്യപ്പെട്ടിരിക്കുകയാണ് ഡച്ച് കോടതി. ബീജദാനത്തിലൂടെ ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയും കുട്ടികളിലൊരാളുടെ മാതാവും നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി ഉണ്ടായത്.


ജൊനാതൻ എന്ന 41കാരനെതിരെയാണ് നടപടി ഉണ്ടായത്. ഡച്ച് നിയമപ്രകാരം ഒരാൾ ബീജദാനത്തിലൂടെ പരമാവധി 25 കുട്ടികൾക്ക് മാത്രമേ ജന്മം നൽകാൻ പാടുള്ളൂ. അതും 12 കുടുംബങ്ങൾക്കുള്ളിലായിരിക്കണം. എന്നാൽ 2007 മുതൽ ബീജം ദാനം ചെയ്യുന്ന ജൊനാതൻ 550 മുതൽ 600 വരെ കുട്ടികളുടെ പിതാവായിട്ടുണ്ടെന്നാണ് കോടതി പറയുന്നത്.

ഇത്രയേറെ കുഞ്ഞുങ്ങളുടെ പിതാവാണെന്ന കാര്യം ജൊനാതൻ വെളിപ്പെടുത്തിയിരുന്നില്ലെന്ന് കുട്ടികളിലൊരാളുടെ അമ്മയായ പരാതിക്കാരി വ്യക്തമാക്കുന്നു. ജൊനാതന്‍റെ ബീജം സ്വീകരിച്ചുണ്ടായ കുട്ടികളുടെയും കുടുംബങ്ങളുടെയും താൽപര്യം സംരക്ഷിക്കണമെന്നും രാജ്യത്തിന് പുറത്തേക്ക് വരെ ഇയാളുടെ ബീജം കൊണ്ടുപോയിട്ടുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.

അതേസമയം താൻ ഇത്രയേറെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ടെന്ന കാര്യം ജൊനാതൻ കുടുംബങ്ങളിൽ നിന്ന് മനപൂർവം മറച്ചുവെച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. തങ്ങളുടെ കുഞ്ഞുങ്ങൾക്ക് നൂറുകണക്കിന് അർധസഹോദരങ്ങളുണ്ടെന്ന തിരിച്ചറിവിലാണ് ഇപ്പോൾ കുടുംബങ്ങൾ. അവർ ആഗ്രഹിക്കാത്ത കാര്യമാണത്. ഈ യാഥാർഥ്യം തിരിച്ചറിയുന്നത് കുട്ടികളിൽ മാനസികാഘാതത്തിന് കാരണമാകുമെന്നും നിരീക്ഷിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.

RELATED STORIES