കര്‍ശന നടപടിയുണ്ടാകും എന്നും ഡി ജി പി

മുന്‍കൂര്‍ അനുമതിയില്ലാതെ പൊലീസ് ഉദ്യോഗസ്ഥര്‍ സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നുത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും എന്നും ഡിജിപി. അഭിനയിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് 2015 ല്‍ തന്നെ സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നതാണ്.


അനുമതിക്കായി അപേക്ഷിച്ച ശേഷം അനുമതി ലഭിക്കുന്നതിന് മുമ്പായി കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഭവങ്ങളും വര്‍ധിച്ച് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഡിജിപി രംഗത്തെത്തിയിരിക്കുന്നത്. അപേക്ഷിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും അനുമതി ലഭിച്ചാല്‍ മാത്രമേ കലാപ്രവര്‍ത്തനവുമായി മുന്നോട്ടുപോകാവൂ എന്നുമാണ് 2015 ലെ സര്‍ക്കുലറില്‍ ഉള്ളത്.

ഇത് കര്‍ശനമായി പാലിക്കണം എന്നാണ് ഡിജിപിയുടെ നിര്‍ദേശം. അഭിനയിക്കുന്നതിന് അനുമതി തേടി പൊലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേക ഫോമില്‍ ഒരുമാസം മുമ്പേ അപേക്ഷ നല്‍കണമെന്ന് സര്‍ക്കുലറില്‍ സൂചിപ്പിച്ചു. കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ 1960 ലെ 48ാം വകുപ്പ് അനുസരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ സിനിമയിലോ സീരിയലിലോ അഭിനയിക്കാന്‍ പാടില്ല എന്നാണ് പറയുന്നത്.

ഓരോ കേസും പ്രത്യേകം പരിശോധിച്ചാണ് സര്‍ക്കാര്‍ ഇതില്‍ തീരുമാനമെടുക്കുന്നത്. അഭിനയിക്കാനായി പോകേണ്ട തീയതിക്ക് ഒരു മാസം മുന്‍പ് യൂണിറ്റ് മേലധികാരിയുടെ ശുപാര്‍ശ ഉള്‍പ്പെടുത്തി പൊലീസ് ആസ്ഥാനത്ത് അപേക്ഷ നല്‍കണം എന്നാണ് ഡിജിപി സര്‍ക്കുലറില്‍ വ്്യക്തമാക്കുന്നത്. ഇങ്ങനെ ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും എന്നും ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി.

RELATED STORIES