ഗ്രേഡ് എസ്ഐ അറസ്റ്റിൽ

ആലുവയില്‍ കഞ്ചാവ് കേസില്‍ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാന്‍ സഹായം ചെയ്ത് നൽകിയ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും 28 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് അറസ്റ്റ്. കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒഡീഷയില്‍ നിന്നും കഞ്ചാവ് എത്തിച്ചത് വാഴക്കുളം സ്വദേശിയും തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്‌ഐ സാജന്റെ മകനുമായ നവീന് വേണ്ടിയെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതിനിടെ മകനെ വിദേശത്തേക്ക് കടക്കാന്‍ സാജന്‍ സഹായിച്ചിരുന്നു. ഇതാണ് വിരമിക്കാന്‍ ഒരു മാസം മാത്രമുള്ളപ്പോള്‍ ഗ്രേഡ് എസ്‌ഐ സാജന് കുരുക്കായത്.


കഴിഞ്ഞ 22 ആം തിയതി ഒഡീഷയിലെ കണ്ടമാലിലെ ഉള്‍വനത്തില്‍ നിന്ന് 28 കിലോ കഞ്ചാവുമായി ആലുവ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലാകുന്നത്. മൊത്ത വില്‍പ്പനയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസിന് സൂചന കിട്ടിയതോടെ ഇതിലെ മലയാളി ബന്ധം കണ്ടെത്താനായി ശ്രമം. 21 വയസ്സുള്ള വാഴക്കുളം സ്വദേശി നവീന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയതോടെ ഇയാളെ കേന്ദ്രീകരിച്ചായി അന്വേഷണം.

കഞ്ചാവ് കേസില്‍ മുമ്പും പ്രതിയായിട്ടുള്ള ഇയാള്‍ ആലുവ തടിയിട്ടപ്പറമ്പ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സാജന്റെ മകനാണെന്നും വിവരം ലഭിച്ചു. ഇതിനിടെ നവീന്‍ വിദേശത്തേക്ക് കടന്ന് അബുദാബിയില്‍ എത്തി. ഇതിനുള്ള എല്ലാ കരുക്കളും നീക്കിയത് ഗ്രേഡ് എസ്‌ഐ സാജനാണെന്നും പോലീസിന് തെളിവുകള്‍ കിട്ടിയതോടെ ഇയാളെ പിടികൂടി. അച്ഛനെ അറസ്റ്റ് ചെയ്യുമെന്ന വിവരം നവീനെ അറിയിച്ച് തന്ത്രപൂര്‍വ്വം ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ഇന്ന് പുലര്‍ച്ചെ വിജയം കണ്ടു. കോടതിയില്‍ ഹാജരാക്കിയ സാജനും റിമാന്‍ഡിലായി. മെയ് മാസം അവസാനം പോലീസ് സര്‍വ്വീസില്‍ നിന്ന് വിരമിക്കാനിരിക്കെ ആണ് സാജന്‍ കേസില്‍ അറസ്റ്റിലാകുന്നത്.

RELATED STORIES