ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

മെയ് ആറോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണത്തിന്റെ അറിയിപ്പില്‍ പറയുന്നു. മെയ് ഏഴിനു ന്യൂന മര്‍ദ്ദമായും മെയ് എട്ടോടെ തീവ്ര ന്യുന മര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്ന പാതയില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.


ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതോടെ അടുത്തയാഴ്ച കേരളത്തിലും തമിഴ്നാട്ടിലും വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, ബുധനാഴ്ചയും വ്യാഴാഴ്ചയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മെയ് അഞ്ച് മുതല്‍ മേയ് ഏഴ് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

RELATED STORIES