മണിപ്പൂരില്‍ വന്‍ സംഘര്‍ഷം

ഇംഫാലിലും ചുരചന്ദപുരിലുമാണ് സംഘര്‍ഷം രൂക്ഷം. തെരുവിലിറങ്ങിയ ജനക്കൂട്ടം വാഹനങ്ങളും ആരാധനാലയങ്ങളും കത്തിച്ചു. ക്രമസമാധാന നില തിരിച്ചുപിടിക്കാന്‍ സൈന്യത്തെ വിന്യസിച്ചു. സംസ്ഥാനത്ത് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. എട്ട് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.


സൈന്യം പ്രദേശത്ത് ഫ്‌ളാഗ് മാര്‍ച്ച നടത്തി. 4000 ഓളം നാട്ടുകാരെ സൈന്യം നടത്തുന്ന അഭയകേന്ദ്രങ്ങളിലേക്കും സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും മാറ്റി. അസം റൈഫിളും സ്ഥലത്തെത്തിയിട്ടുണ്ട്. ട്രൈബല്‍ വിഭാഗത്തില്‍ പെടാത്ത മെയ്‌തെയ് ജനതയ്ക്ക എസ്.ടി പദവി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടതില്‍ പ്രതിഷേധിച്ച് ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂര്‍ ചുരാചന്ദപുരിലെ തൊര്‍ബംഗില്‍ ആഘാനം ചെയ്ത ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ച് ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. ഇംഫാലിലെ ഏറ്റവും വലിയ ജനവിഭാഗമാണ് മെയ്‌തെയ്. മാര്‍ച്ചിനിടെ ഗോത്ര വിഭാഗത്തില്‍ പെട്ടവരും അല്ലാത്തവരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് പലവട്ടം വെടിവച്ചു. കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പലയിടത്തും വീടുകള്‍ തകര്‍ത്തുവെന്ന് ആരോപിച്ച് ജനങ്ങള്‍ ബഹളം വയ്ക്കുകയാണ്. അതിനിടെ പ്രധനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സഹായം തേടി ഒളിമ്പ്യന്‍ മേരി കോം ട്വീറ്റ ചെയ്തു. 'എന്റെ നാട് കത്തുകയാണ്. ദയവായി സഹായിക്കൂ' എന്ന് അവര്‍ ട്വീറ്റില്‍ പറയുന്നു.

RELATED STORIES