ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി

കെഎസ്ഇബി ജീവനക്കാരന്‍ എന്ന വ്യാജേന, എഴുപതുകാരന്റെ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. കൊച്ചി കടവന്ത്ര സ്വദേശിയായ 70കാരന്റെ 7.95 ലക്ഷം രൂപയാണ് വിവിധ ഇടപാടുകളിലൂടെ തട്ടിയത്. പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഏപ്രില്‍ 18 നാണ് തട്ടിപ്പുകളുടെ ആരംഭം. ഉടന്‍ തന്നെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കാട്ടി വ്യാജ ടെക്സ്റ്റ് സന്ദേശം അയച്ചാണ് തട്ടിപ്പിന് തുടക്കമെന്ന് പരാതിയില്‍ പറയുന്നു.

കെഎസ്ഇബിയുടെ സന്ദേശമാണ് എന്ന് കരുതി സന്ദേശത്തിന് താഴെ കൊടുത്തിരുന്ന നമ്പറിലേക്ക് വിളിച്ചു. കെഎസ്ഇബി ജീവനക്കാരന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരന്‍ ഉടന്‍ തന്നെ സ്മാര്‍ട്ട്‌ഫോണില്‍ ക്വിക്ക് സപ്പോര്‍ട്ട് സ്‌ക്രീന്‍ ഷെയറിങ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറഞ്ഞു. തുടര്‍ന്ന് ഈ ആപ്പ് വഴി ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് ബില്‍ അടച്ച തനിക്ക് ലക്ഷങ്ങള്‍ നഷ്ടമായെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതോടെ, പരാതിക്കാരന്റെ ബാങ്കിങ് വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

പാസ് വേര്‍ഡ് അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ്. തുടര്‍ന്ന് വിവിധ ഇടപാടുകളിലായി പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്ന് 7.95 ലക്ഷം രൂപ തട്ടിയെടുത്തതായും പോലീസ് പറയുന്നു.

RELATED STORIES