സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്ത്
Reporter: News Desk 04-May-20232,527

പത്തനംതിട്ട: മലയാലപ്പുഴയിൽ മന്ത്രവാദകേന്ദ്രം അടിച്ചു തകർത്ത സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. മന്ത്രവാദ കേന്ദ്രത്തിൽ മൂന്ന് പേരെ പൂട്ടിയിട്ട സംഭവത്തെ തുടർന്നാണ് പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ രംഗത്ത് വന്നത്. മന്ത്രവാദിനി ശോഭനയുടെ ബന്ധു രവീന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മൂന്നു പേരെ തടവിലാക്കിയായതിന് ശോഭനയെയും കൂട്ടാളി ഉണ്ണികൃഷ്ണനെയും പ്രതി ചേർത്ത് പോലീസ് കേസ് എടുത്തിരുന്നു. നിലവിൽ ശോഭനയും ഉണ്ണികൃഷ്ണനും ഒളിവിലാണ്.
ശോഭനയും കൂട്ടാളി ഉണ്ണികൃഷ്ണനും കുട്ടികളെ
മന്ത്രവാദത്തിന് ഉപയോഗിച്ചെന്ന കേസിൽ കഴിഞ്ഞ ഓക്ടോബറിൽ ജയിലിലായിരുന്നു. ഇവരുടെ
മന്ത്രവാദ കേന്ദ്രത്തിൽ നിന്നുമാണ് കഴിഞ്ഞ ദിവസം തടവിലാക്കപ്പെട്ട മൂന്ന് പേരെ
രക്ഷപ്പെടുത്തിയത്. സിപിഎം പ്രവർത്തകരും പോലീസും ചേർന്നാണ് മൂന്ന് പേരെ
മോചിപ്പിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ പത്തനാപുരം സ്വദേശി അനീഷിന്റെ
കുടുംബത്തെയാണ് ശോഭനയും കൂട്ടാളിയും മന്ത്രവാദ കേന്ദ്രത്തിൽ പൂട്ടിയിട്ടിരുന്നത്.
മന്ത്രവാദിനിയായ ശോഭനയും അനീഷും തമ്മിലുള്ള
സാമ്പത്തിക ഇടപാടിനെചൊല്ലിയുള്ള തർക്കമാണ് പൂട്ടിയിടാൻ കാരണമെന്ന് പോലീസ്
വ്യക്തമാക്കി. ശോഭനയും കൂട്ടാളി ഉണ്ണികൃഷ്ണനും മലയാലപ്പുഴയിലെ പൊതീപ്പാട്
കേന്ദ്രീകരിച്ചാണ് മന്ത്രവാദവും പൂജയും നടന്നിരുന്നത്. ഇരുവരും ജയിലിലായ
കാലയളവിലാണ് പത്തനാപുരം സ്വദേശി അനീഷ് സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്റിലായത്.
ജയിലിൽ വച്ച് അനീഷും ഉണ്ണികൃഷ്ണനും പരിചയപ്പെട്ടു. ജാമ്യത്തിലിറങ്ങിയ ശേഷവും ഇവർ
തമ്മിലുള്ള ബന്ധം തുടർന്നു. അനീഷിനെ കേസിൽ നിന്ന് രക്ഷിക്കാനുള്ള പണം നൽകാമെന്ന് പറഞ്ഞ് ജനുവരി
മാസത്തിൽ ഇയാളുടെ കുടുബത്തെ മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തിലെത്തിച്ച്
താമസിപ്പിച്ചു.
അനീഷിന്റെ കേസ്
ആവശ്യങ്ങൾക്ക് പല തവണയായി മന്ത്രവാദിനി ശോഭന മൂന്ന് ലക്ഷം രൂപയോളം നൽകിയിരുന്നു.
കഴിഞ്ഞ ഒരാഴ്ച മുന്പ് ശോഭനയും ഉണ്ണികൃഷ്ണനും അനീഷിനോട് കൊടുത്ത പണം മടക്കി
ചോദിച്ചു. പണം നൽകാതെ വന്നതോടെയാണ് അനീഷിന്റെ ഭാര്യ ശുഭയേയും അമ്മ എസ്തേറിനേയേയും
ക്രൂരമായി മർദ്ദിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തത്. മന്ത്രവാദ കേന്ദ്രത്തിൽ നിന്ന്
കരച്ചിൽ ഉയർന്നതോടെ ആണ് നാട്ടുകാർ വിവരം അറിഞ്ഞത്. ഇതിനെ തുടർന്നാണ് പ്രാദേശിക
സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ മന്ത്രവാദ കേന്ദ്രം അടിച്ചു തകർക്കുകയും
തടവിലാക്കപ്പെട്ടവരെ രക്ഷിക്കുകയും ചെയ്തത്.