ദമ്പതികളെ ആക്രമിച്ച കേസില്‍ അഞ്ചംഗ സംഘം പോലീസ് പിടിയില്‍

കാഞ്ഞിരപ്പളളിയി: ഇടക്കുന്നം സ്വദേശികളായ പാലമൂട്ടില്‍ ഡോണ മാത്യു (30), വെപ്പാട്ടുശേരില്‍ ജയ്സണ്‍ മാത്യു (25), പാലമൂട്ടില്‍ ക്രിസ് ജെയിംസ് (20), കാരമുള്ളുങ്കല്‍ ജസ്റ്റിന്‍ തോമസ് (22), പട്ടിമറ്റം കരിപ്ലാക്കല്‍ മിഥുന്‍ സാബു (22) എന്നിവരാണ് അറസ്റ്റിലായത്. കൂവപ്പള്ളി സ്വദേശികളായ ദമ്പതിമാരെ ആക്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.


കാഞ്ഞിരപ്പളളിയില്‍ ഒരു തട്ടുകടയില്‍ രാത്രിയില്‍ ഭക്ഷണം കഴിച്ചിറങ്ങിയപ്പോഴായിരുന്നു ദമ്പതികളെ സംഘം ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികള്‍ ഭക്ഷണം കഴിക്കുന്നതിനടുത്ത് സംഘം വന്നിരുന്നു. ഭര്‍ത്താവ് മാറിയപ്പോള്‍ യുവാക്കള്‍ സ്ത്രീയെ അവരുടെ ഫോണിലുണ്ടായിരുന്ന അശ്ലീല ചിത്രം കാണിച്ചു. ഈ വിവരം ഭര്‍ത്താവിനെ അറിയിച്ചതിനെ തുടര്‍ന്ന് സംഘത്തെ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ഭക്ഷണം കഴിച്ച് കടയ്ക്ക് പുറത്തിറങ്ങിയ ദമ്പതികളെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ദമ്പതികള്‍ നല്‍കിയ പരാതിയില്‍ കാഞ്ഞിരപ്പള്ളി പോലീസാണ് കേസെടുത്തത്. എസ്‌ഐ രഘുകുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ സംഘത്തെ കോടതിയില്‍ ഹാജരാക്കി.

RELATED STORIES