യു.കെയില്‍ നിന്നുള്ള ഉന്നതതല മെഡിക്കല്‍ റിക്രൂട്ട്‌മെന്റ് സംഘം കേരളത്തിലെത്തിയിട്ടും വേണ്ടത്ര പ്രചാരണം നല്‍കാതെ സര്‍ക്കാര്‍ ഏജന്‍സികള്‍

സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കു കോഴപ്പണം വാങ്ങാന്‍ അവസരമൊരുക്കാനായി ചില ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുകയാണെന്ന് ആക്ഷേപം. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്കു സുരക്ഷിതവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ യു.കെയിലേക്കു തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്ന ധാരണാപത്രം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ ലണ്ടനില്‍ ഒപ്പുവച്ചിരുന്നു. ഈ പദ്ധതിയെ അട്ടിമറിക്കുന്ന നടപടിയാണു ചിലരുടെ ഒത്താശയോടെ നടക്കുന്നത്. കഴിഞ്ഞ നവംബറില്‍ ആദ്യസംഘം വന്നപ്പോഴും ഇതായിരുന്നു സ്ഥിതി. സ്വകാര്യ ഏജന്‍സികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണിത്.


ഫാര്‍മസി, പാലിയേറ്റീവ് കെയര്‍, ഡെന്റല്‍, സൈക്യാട്രി മേഖലകളിലേക്കുള്ള ഡോക്ടര്‍, നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായി യു.കെയിലെ 40 അംഗ ഉന്നതതല സംഘമാണു കേരളത്തില്‍ എത്തിയത്. ഇവര്‍ വിവിധ മെഡിക്കല്‍, ഡന്റല്‍ കോളജുകള്‍ സന്ദര്‍ശിച്ച് ഇന്റര്‍വ്യൂ നടത്തിവരികയാണ്. എന്നാല്‍, ഇതിനു വേണ്ടത്ര പ്രചാരം നല്‍കിയിട്ടില്ല.

യു.കെയിലെ ആരോഗ്യ മന്ത്രാലയത്തിലെ രാജ്യാന്തര വര്‍ക്ക്‌ഫോഴ്‌സ് മേധാവി ഡേവ് ഹെവാര്‍ത്ത്, വെയില്‍സ് ആരോഗ്യവകുപ്പ് മേധാവി ഇയാന്‍ ഓവന്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ എത്തിയതു പൊതുജനം അറിഞ്ഞിട്ടില്ല.കോടികളുടെ ബിസിനസാണ് ഈ മേഖലയില്‍ നടക്കുന്നത്. ഇരുസര്‍ക്കാരും ധാരണയായതോടെ പണച്ചെലവില്ലാതെ ലഭിക്കേണ്ട ജോലിക്ക് സ്വകാര്യ ഏജന്‍സികള്‍ ഒരാളില്‍നിന്നു വാങ്ങുന്നതു 15 മുതല്‍ 25 ലക്ഷം രൂപയാണ്. ഇതിന്റെ വിഹിതം അധികാരികള്‍ക്കും ലഭിക്കുന്നതായി ആരോപണമുണ്ട്. വന്‍തുക കിട്ടിയിരുന്നതു നിലച്ചതോടെയാണു മുഖ്യമന്ത്രിയുടെ മുന്നില്‍ ഒപ്പിട്ട പദ്ധതിയ്ക്കു തന്നെ ചിലര്‍ തുരങ്കം വയ്ക്കുന്നത്.

യോഗ്യരായവര്‍ക്കു യാതൊരു പണച്ചെലവില്ലാതെ യൂറോപ്പിലും യു.കെയിലും ജോലിക്കെത്താന്‍ കഴിയുന്ന സ്ഥിതി വന്നിട്ടും പൊതുജനത്തിനു വേണ്ടത്ര അറിവില്ലാത്തതിനാല്‍, പ്രയോജനം ലഭിക്കുന്നില്ല. ധാരാണാപത്രം ഒപ്പിട്ടപ്പോള്‍ തന്നെ സ്വകാര്യ ഏജന്‍സികള്‍ രംഗത്തു വന്നിരുന്നു.

കേന്ദ്രാനുമതി ഇല്ലാതെ, സ്വകാര്യസ്ഥാപനവുമായാണു നോര്‍ക്ക ധാരണപത്രം ഒപ്പിട്ടതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കു യു.കെയിലേക്കു തൊഴില്‍ കുടിയേറ്റം നടത്താന്‍ നിലവില്‍ സാഹചര്യം ഉണ്ടെന്നിരിക്കേ ധാരണാപത്രത്തിനു പുതുമയില്ല എന്നൊക്കെയായിരുന്നു പ്രധാന വിമര്‍ശനം.

ബി.എസ്‌സി. നഴ്‌സിങ് പാസായവര്‍ക്ക് ഒ.ഇ.ടി./ഐ.ഇ.എല്‍.ടി.എസ്. എന്നിവയില്‍ മതിയായ സ്‌കോര്‍ ഇല്ലെങ്കിലും യു.കെയില്‍ സീനിയര്‍ കെയറര്‍ തസ്തികയില്‍ ജോലി ലഭിക്കാന്‍ അവസരമുണ്ട്. ഈ അവസരം ചൂഷണം ചെയ്തു ലക്ഷങ്ങളാണു അനധികൃത ഏജന്റുമാര്‍ ഈടാക്കുന്നത്. ഈ പ്രവണതയ്ക്കു തടയിട്ടു സാധാരണക്കാരായ ഉദ്യോഗാര്‍ത്ഥികളെ ചൂഷണത്തില്‍ നിന്നും രക്ഷിക്കലായിരുന്നു പുതിയ കരാറിന്റെ ലക്ഷ്യം.

എന്നാല്‍, കരാറിനെ അട്ടിമറിക്കുന്ന നീക്കങ്ങളാണു അധികൃതരുടെ ഒത്താശയോടെ നടക്കുന്നത്. നോര്‍ക്ക റൂട്ട്‌സും യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന 42 ഇന്റഗ്രറ്റഡ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുകളില്‍ ഒന്നായ നോര്‍ത്ത് ഈസ്റ്റ് ലിങ്കന്‍ഷെയറിലെ നാവിഗോയും തമ്മിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്. നഴ്‌സുമാര്‍ക്കു മാത്രമല്ല, ആരോഗ്യമേഖലയിലെ മറ്റു പ്രഫഷണലുകള്‍ക്കും മറ്റു തൊഴില്‍ മേഖലയില്‍ ഉള്ളവര്‍ക്കും യു.കെ. കുടിയേറ്റം സാധ്യമാക്കുന്ന വ്യവസ്ഥാപരമായ റിക്രൂട്ട്‌മെന്റ് രീതിയാണിത്.

RELATED STORIES