താനൂർ ബോട്ട് അപകടത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഏപ്രിൽ ഒന്നിന് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി പങ്കുവെച്ച കുറിപ്പാണ്

കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ്‌ ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മതിയായ സുരക്ഷയില്ലാതെ വിനോദ സഞ്ചാര ബോട്ടുകൾ പ്രവർത്തിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മുരളി തുമ്മാരിക്കുടിയുടെ ഫേസ്ബുക്ക് കുറിപ്പ്.

ഹൗസ്‌ ബോട്ട് മൊത്തം എളുപ്പത്തിൽ കത്തി തീരാവുന്ന വസ്തുക്കൾ ആണെന്നും ഒരു അപകടം ഉണ്ടാകാൻ വളരെ ചെറിയ അശ്രദ്ധ മതിയെന്നും അപകടങ്ങൾ ഉണ്ടാകുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'പത്തു പേർ മരിച്ച സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇതൊന്നും വർത്തയാകുന്നില്ല, ചർച്ചയാകുന്നില്ല, അധികാരികളുടെ ശ്രദ്ധ അങ്ങോട്ട് തിരിയുന്നുമില്ല. എന്നാൽ അതുണ്ടാകും. ലൈസൻസ് ഇല്ലാത്ത ബോട്ടുകൾ അനവധി ഉണ്ടായിരുന്നു എന്ന് കണ്ടെത്തും.

പരിശീലനം ഇല്ലാത്ത ഡ്രൈവർമാർ ഉണ്ടായിരുന്നു എന്ന് വാർത്ത വരും. ടൈറ്റാനിക്കിലെ പോലെ ആവശ്യത്തിന് വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ഇല്ലായിരുന്നു എന്ന് കണ്ടെത്തും. മാധ്യമങ്ങളിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി വരും. ഹൗസ്‌ ബോട്ട് സുരക്ഷാ വിദഗ്ദ്ധരുടെ വലിയ സംഘം ചാനലുകളിൽ പറന്നിറങ്ങും. ബോട്ട് സുരക്ഷയെപ്പറ്റി 'ആസ്ഥാന ദുരന്തൻ ഒന്നും പറഞ്ഞില്ല' എന്നുള്ള കുറ്റപ്പെടുത്തൽ ഉണ്ടാകും. കളക്ടറോ മന്ത്രിയോ ഹൗസ്‌ ബോട്ടുകൾ ഉടൻ നിരോധിക്കും. കുറച്ചു നാളേക്ക് നാട്ടുകാരും മറുനാട്ടുകാരും ഇത്തരം ബോട്ടുകളിൽ കയറാതാകും', എന്നാണ് അദ്ദേഹം കുറിച്ചത്.

RELATED STORIES