ആരോഗ്യമന്ത്രിയുടെ ഇടപെടൽ; അനീഷിന്റേയും ഭാര്യയുടേയും നിലം പുരയിടമാക്കും

സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക് തല അദാലത്തിനെത്തിയ നിരണം സ്വദേശികളായ അനീഷിനും ഭാര്യ ഷജിനയ്ക്കും ആശ്വാസമായി ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ ഇടപെടൽ. അനീഷിന്റെയും ഭാര്യയുടേയും പേരില്‍ കടപ്ര വില്ലേജിലുള്ള 25 സെന്റ് നിലം പുരയിടമാക്കി തരം മാറ്റം നടത്തുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍,  ഫീസ് ഒടുക്കിയാല്‍ മാത്രമേ അതിന് സാധിക്കുവെന്ന് കാട്ടി തിരുവല്ല റവന്യു ഡിവിഷണല്‍ ഓഫീസറുടെ കത്ത് വീട്ടിലെത്തിയപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അനീഷും ഭാര്യയും കുഴങ്ങി. 25 സെന്റ് നിലം വരെ സൗജന്യമായി തരം മാറ്റി നല്കുമെന്നിരിക്കെ ഈ കത്ത് ലഭിച്ചത് അനീഷിനെ ധര്‍മ്മസങ്കടത്തിലാക്കി. അദാലത്തില്‍ പരാതി നല്‍കി പ്രതീക്ഷയോടെ കാത്തിരുന്ന അനീഷിന്റെ പ്രതീക്ഷയും വിശ്വാസവും തെറ്റിയില്ല.

അദാലത്തില്‍ പരാതി പരിഗണിച്ച മന്ത്രി അനീഷിന്റെ പരാതിയിന്മേല്‍ 15 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതോടെ വലിയ ആശ്വാസത്തിലാണ് അനീഷും ഷജിനയും മടങ്ങിയത്.

RELATED STORIES