ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക്) കണക്ഷന്‍ നടപടികള്‍ ഇഴയുന്നു

സര്‍ക്കാറിന്റെ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിച്ച് ഉദ്ഘാടനം ചെയ്ത കെഫോണിന്റെ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക്) കണക്ഷന്‍ നടപടികള്‍ ഇഴയുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും വെറും 3500 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ സൗജന്യ കണക്ഷന്‍ ലഭിച്ചിട്ടുള്ളത്. ഒരു മാസത്തിനുള്ളില്‍ 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. പ്രധാന ലൈനില്‍നിന്ന് ഉള്‍പ്രദേശങ്ങളിലേക്ക് കേബിള്‍ വലിക്കാനുള്ള സാങ്കേതിക തടസ്സം വലുതാണെന്നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം. കണക്ഷന്‍ ലഭ്യമാക്കാന്‍ തദ്ദേശ വകുപ്പ് നല്‍കിയ നിര്‍ധനരുടെ പട്ടികയിലെ വ്യക്തിവിവരങ്ങളിലെ പൊരുത്തക്കേടുകളും മറ്റൊരു പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നു.


ഒമ്പതിനായിരത്തിലധികം വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള കേബിളുകള്‍ വലിച്ചതായാണ് ഉദ്ഘാടന വേളയില്‍ സര്‍ക്കാര്‍ അവകാശവാദം ഉന്നയിച്ചിരുന്നത്. എന്നാല്‍, ഇവിടങ്ങളില്‍ കണക്ഷന്‍ എത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനിയുടെ താല്‍പര്യം സംരക്ഷിക്കാന്‍ നീക്കം നടക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.

20 ലക്ഷം സൗജന്യ കണക്ഷനെന്ന സര്‍ക്കാര്‍ വാഗ്ദാനം ഫലംകാണുമോയെന്നാണ് ഇപ്പോള്‍ ആശങ്ക. 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് കണക്ഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടതില്‍ 17,832ല്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായത്. ആറു മാസത്തെ കാലാവധിയില്‍ 299 മുതല്‍ 5000 രൂപവരെയുള്ള ഒമ്പത് പ്ലാനുകള്‍ വഴി ഗാര്‍ഹിക കണക്ഷന്‍ ആവശ്യപ്പെട്ട് 85,000ത്തോളം അപേക്ഷകള്‍ ലഭിച്ചതായാണ് കെഫോണ്‍ അധികൃതരുടെ വിശദീകരണം.

കൊവിഡ് കാല പ്രതിസന്ധികള്‍ക്കിടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും മൊബൈല്‍ ഫോണുകളും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളും ഇല്ലാതെ വലിയൊരു വിഭാഗം ജനങ്ങള്‍ വിഷമസ്ഥിതിയിലാവുകയുണ്ടായി. വര്‍ക്ക് അറ്റ് ഹോം ജോലികളും ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമെല്ലാം സജീവമായി. ഇന്റര്‍നെറ്റിന്റെ പ്രധാന്യം എത്രത്തോളമുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. ആ അവസരത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ ഭരണകൂടം കെ ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്.

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് എന്നാണ് കെഫോണിന്റെ പൂര്‍ണ രൂപം. കെഎസ്ഇബിയും (കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്) കെഎസ്‌ഐടിഐഎലും (കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിക്ക് 2022 ജൂലായിലാണ് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് ലഭിച്ചത്. പിന്നീട് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സും ലഭിച്ചു.

RELATED STORIES