അവിവാഹിത വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ അനുമതി തേടിയുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി

44 കാരിയായ അവിവാഹിത സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. രാജ്യത്തെ വിവാഹ സമ്പ്രദായം സംരക്ഷിക്കപ്പെടേണ്ടതാണെന്നും വിവാഹം കഴിക്കാതെ പോലും കുട്ടികള്‍ ജനിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ മാതൃക നമുക്ക് പിന്തുടരാനാകില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി തള്ളിയത്.

അവിവാഹിത ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത് ഇന്ത്യന്‍ സമൂഹത്തിന്റെ നിയമത്തിന് അപവാദമാണെന്ന് ജസ്റ്റിസുമാരായ ബി.വി നാഗരതന, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വാടക ഗര്‍ഭധാരണ നിയമപ്രകാരം, വിധവയോ വിവാഹ മോചിതരോ, 35 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മാത്രമേ വാടക ഗര്‍ഭധാരണത്തെ ആശ്രയിക്കാനാവൂ. അവിവാഹിതയായ സ്ത്രീക്ക് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ അനുവാദമില്ലെന്നാണ് ഇതിനര്‍ത്ഥമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഹര്‍ജിക്കാരി വാടക ഗര്‍ഭധാരണ നിയമത്തിലെ സെക്ഷന്‍ 2ന്റെ സാധുതയെ ചോദ്യം ചെയ്യാനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

'രാജ്യത്ത്, വിവാഹ സമ്പ്രദായത്തിനുള്ളില്‍ അമ്മയാകുക എന്നത് ഒരു ആദര്‍ശമാണ്. എന്നാല്‍ വിവാഹം കഴിക്കാതെ അമ്മയാകുന്നത് ആദര്‍ശമല്ല. കുട്ടിയുടെ ക്ഷേമത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇത് ചെയ്യുന്നതിലൂടെ രാജ്യത്ത് വിവാഹ സമ്പ്രദായം നിലനില്‍ക്കുമോ ഇല്ലയോ? നമ്മള്‍ പാശ്ചാത്യ രാജ്യങ്ങളെപ്പോലെയല്ല. വിവാഹ സമ്പ്രദായം സംരക്ഷിക്കപ്പെടണം. നിങ്ങള്‍ക്ക് ഞങ്ങളെ യാഥാസ്ഥിതികരെന്ന് വിളിക്കാം. ഞങ്ങള്‍ അത് സ്വീകരിക്കുകയും ചെയ്യുന്നു.' ബെഞ്ച് വ്യക്തമാക്കി.

യുവതിയോട് ആവശ്യമെങ്കില്‍ കുട്ടിയെ ദത്തെടുക്കാന്‍ ബെഞ്ച് നിര്‍ദേശിച്ചു. എന്നാല്‍ ഇതിനുള്ള കാത്തിരിപ്പ് കാലയളവ് വളരെ കൂടുതലാണെന്ന് പറഞ്ഞ് അഭിഭാഷകന്‍ അത് നിരസിച്ചു. 44-ാം വയസില്‍ വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുട്ടിയെ വളര്‍ത്താനും പ്രയാസമാണ്. നിങ്ങള്‍ക്ക് ജീവിതത്തില്‍ എല്ലാം ലഭിക്കില്ല. ഒറ്റയ്ക്ക് ജീവിക്കാനാണ് ഹര്‍ജിക്കാരി ഇഷ്ടപ്പെടുന്നത്. സമൂഹത്തെയും വിവാഹ വ്യവസ്ഥയെയും കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. നമ്മള്‍ പാശ്ചാത്യരെപ്പോലെയല്ല. അവിടെ പല കുട്ടികള്‍ക്കും അവരുടെ അമ്മയെയും അച്ഛനെയും അറിയില്ല. മാതാപിതാക്കളെക്കുറിച്ച് അറിയാതെ കുട്ടികള്‍ നട്ടംതിരിയാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

RELATED STORIES