വിഴിഞ്ഞത്ത് 9.5 കി.മീ. ഭൂഗര്‍ഭ തീവണ്ടിപ്പാത വരുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് 9.5 കി.മീ. ഭൂഗർഭ തീവണ്ടിപ്പാത വരുന്നു. വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം സുഗമമാക്കാനായി ഭൂഗർഭ തീവണ്ടിപ്പാത നിർമിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ.

വിഴിഞ്ഞം തുറമുഖത്തിന്റെ 150 മീറ്റർ അടുത്തുനിന്നു തന്നെ ഭൂഗർഭപാത ആരംഭിക്കും. ടേബിൾ ടോപ്പ് രീതിയിലാവും ഭൂഗർഭപാത ബാലരാമപുരത്തേക്ക് എത്തുക. ഇവിടെ നേമം-ബാലരാമപുരം റെയിൽപാതയ്ക്കു സമാന്തരമായി സഞ്ചരിച്ച് ബാലരാമപുരത്ത് ചേരും. വിഴിഞ്ഞം - ബാലരാമപുരം റോഡിന്റെ അതേ അലൈൻമെന്റിൽ ഭൂനിരപ്പിൽനിന്ന് 30 മീറ്റർ എങ്കിലും താഴ്ചയിലാവും പാത കടന്നുപോകുക.

കൊങ്കൺ റെയിൽ കോർപ്പറേഷനാണ് 1,400 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിർമാണച്ചുമതല. ന്യു ഓസ്ട്രിയൻ ടണലിങ് മെതേഡ് (എൻഎടിഎം) എന്ന സാങ്കേതികവിദ്യയാവും ഭൂഗർഭപാതയുടെ നിർമാണത്തിനായി ഉപയോഗിക്കുക.

വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡിപിആർ) ചീഫ് സെക്രട്ടറി ഡോ. വി.വേണു അധ്യക്ഷനായ പദ്ധതിനിർവഹണ സമിതി കഴിഞ്ഞ ദിവസം അംഗീകാരം നൽകി.

ഇതിൽ 9.5 കി.മീ ആണ് ഭൂമിക്കടിയിലൂടെ നിർമിക്കുന്നത്. 42 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.

നിർമാണം കഴിയുന്നതോടെ വിഴിഞ്ഞത്തുനിന്ന് മണിക്കൂറിൽ 15-30 കി.മീ. വേഗതയിൽ 36 മിനിറ്റുകൊണ്ട് ബാലരാമപുരത്തേക്കു കണ്ടെയ്‌നറുകൾ എത്തിക്കാനാവും.

RELATED STORIES