തോൽവിക്കു കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം ! സിപിഐയുടെ ജില്ലാ യോ​ഗങ്ങളിൽ മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷവിമർശനം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കനത്ത തോൽവിയിൽ മുഖ്യമന്ത്രിക്കെതിരെ സിപിഐയുടെ യോ​ഗങ്ങളിൽ രൂക്ഷവിമർശനം എന്ന് റിപ്പോർട്ട്.

സിപിഐയുടെ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവിലും ആലപ്പുഴ ജില്ലാ കൗൺസിലിലും ആണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനമുയർന്നതെന്ന് മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തിരുവനന്തപുരം യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നുള്ള ആവശ്യമാണ് ഉയർന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും അതു പറയാനുള്ള ആർജവം സിപിഐ നേതൃത്വം കാട്ടണമെന്നുമാണ് യോഗങ്ങളിൽ ഉയർന്ന അഭിപ്രായം.

സംസ്ഥാനത്ത് അലയടിച്ചതു മുഖ്യമന്ത്രിക്കെതിരായ വികാരമെന്നാണു ഫലം അവലോകനം ചെയ്ത ആലപ്പുഴ യോഗത്തിലെ വിമർശനം. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അവതരിപ്പിച്ച റിപ്പോർട്ടിൽ ‘ബിജെപിയെ ഭരണത്തിൽ നിന്നകറ്റാൻ കോൺഗ്രസാണു മികച്ചതെന്നു ജനങ്ങൾ ചിന്തിച്ചതിനൊപ്പം സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും പ്രതിഫലിച്ചു’എന്നായിരുന്നു ഉള്ളടക്കം.

തോൽവിക്കു പ്രധാനകാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. തിരഞ്ഞെടുപ്പുസമയത്തു മുന്നണി കൺവീനർ ബിജെപി നേതാവിനെ കണ്ടതും തിരിച്ചടിയായി. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ വെറുപ്പിച്ചു. സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാതെ വന്നതും പെൻഷൻ മുടങ്ങിയതും തിരിച്ചടിയായി തുടങ്ങിയ വിമർശനങ്ങൾ ഇരു യോഗങ്ങളിലും ഉയർന്നു.

RELATED STORIES