ആരും പേടിക്കേണ്ട ! സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് സൈറൺ മുഴങ്ങും

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് (ജൂൺ 11) നടക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി, സംസ്ഥാനതലത്തിൽ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് ചൊവ്വാഴ്ച നടക്കുന്നത്.

പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് 'കവചം' എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും.

വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.

ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെ സൈറണുകൾ സ്ഥാപിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ അതോറ്റി പുറത്തുവിട്ട പട്ടിക പ്രകാരം 19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതൽ 2.50 വരെയുള്ള സമയങ്ങളിലും, ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും ആയിരിക്കും നടക്കുന്നത്.

RELATED STORIES