കൊച്ചുമകളും ഭർത്താവും പിടിയിൽ

കൊല്ലം: ഉളിയകോവിലിൽ മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന സംഭവത്തിൽ കൊച്ചുമകളും ഭർത്താവും പിടിയിൽ. ഉളിയകോവിൽ സ്വദേശി പാർവ്വതി, ഉമയനല്ലൂർ സ്വദേശി ശരത് എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് തിരുവനന്തപുരത്തു നിന്ന് പിടികൂടിയത്.

കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു ഇവരുടെ കവർച്ച എന്നാണ് പോലീസ് പറയുന്നത്. 85 വയസുള്ള യശോദയുടെ കൈവശമുള്ള സ്വർണവും പണവും തട്ടിയെടുക്കാൻ കൊച്ചുമകൾ പാർവതിയും ഭർത്താവ് ശരത്തും പ്ലാൻ ചെയ്താണ് പദ്ധതി നടപ്പിലാക്കിയത്.

വീട്ടിൽ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ സമയം നോക്കി ആണ് ഇവർ ലക്ഷ്യം നടപ്പാക്കിയത്. മുത്തശ്ശിയെ കെട്ടിയിട്ട് ദേഹത്ത് അണിഞ്ഞിരുന്ന കമ്മലും, വളയും കൈക്കലാക്കി. അലമാരയിൽ പണമുണ്ടെന്ന് മനസിലാക്കി താക്കോൽ ചോദിച്ചെങ്കിലും യശോദ നൽകിയില്ല. തുടർന്ന അലമാര കുത്തി തുറന്ന് 25,000 രൂപ കവർന്നു. ഇതിന് പിന്നാലെ ഇരുവരും രക്ഷപ്പെട്ടു.

മുത്തശ്ശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് ആണ് ദമ്പതികൾ തിരുവനന്തപുരത്ത് ഉണ്ടെന്ന് മനസിലാക്കി പിടികൂടിയത്. ശരത്ത് മറ്റൊരു മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

RELATED STORIES