പത്തനംതിട്ട തിരുവല്ല ഇരവിപേരൂരിൽ പിതാവിന്റെ സംസ്‌കാര ഒരുക്കങ്ങൾക്കിടെ ആറ്റിൽ വീണ മകന്റെ മൃതദേഹം കണ്ടെത്തി

ഇരവിപേരൂർ: പുഴയിൽവീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അച്ഛന്റെ സംസ്‌ക്കാര ഒരുക്കങ്ങൾക്കിടെയാണ് പുഴയില്‍വീണ് മകനെ കാണാതായത്.

വള്ളംകുളം പ്രിയാമഹല്‍ (കുന്നുംപുറത്ത്) കെ.ജി. സോമശേഖരൻ നായരുടെ മകൻ പ്രദീപ് നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഹൃദയാഘാതത്തെ തുടർന്നാണ് സോമശേഖരൻ നായർ മരിച്ചത്. അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ചിതയ്ക്ക് തീകൊളുത്തേണ്ട മകന്റെ മൃതദേഹം കണ്ടെത്തുന്നത്.

ഞായറാഴ്ചയാണ് സോമശേഖരൻ നായർ മരിച്ചത്. സോമശേഖരൻ നായരുടെ സംസ്‌കാരകാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കാൻ ഞായറാഴ്ച കരയോഗത്തില്‍ എത്തിയപ്പോഴാണ് പ്രദീപ് പുഴയില്‍ വീണത്.

കരയോഗം പ്രസിഡന്റുമായി സംസാരിച്ചശേഷം മുഖം കഴുകാനായി ആറ്റിലേക്കുപോയി. ഷർട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ വെള്ളത്തിലേക്ക് വീഴുന്നതുകണ്ട് പിടിക്കാൻ ശ്രമിക്കവേ കാല്‍വഴുതി കുത്തൊഴുക്കിലേക്ക് വീണതായി പറയുന്നു.

മണിമലയാറ്റിലെ കറ്റോട് ചക്കുകടവിനുസമീപം 11 മണിയോടെയാണു പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. വാർഡുമെമ്പർ വീനിഷും അനുജനും പൊലീസിനെ സഹായിക്കാൻ എത്തിയ സോമനുംകൂടിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. പ്രദീപ് വീണ പൂവപ്പുഴയില്‍നിന്ന് നാലുകിലോമീറ്ററോളം താഴെയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവല്ല പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

അച്ഛന് തയ്യാറാക്കിയ അതേ ചിതയില്‍ വൈകീട്ട് ആറുമണിയോടെ മകനെയും ദഹിപ്പിച്ചു.

RELATED STORIES